ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രായേലും അമേരിക്കയും ഇതുവരെ കാണാത്ത ‘തകര്‍പ്പന്‍ പ്രതികരണ’മായിരിക്കും ഇനി ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
ഇറാനില്‍ സര്‍വകലാശാല വിദ്യാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ സൈനിക താവളങ്ങളിലും മറ്റ് സ്ഥലങ്ങളും ലക്ഷ്യമിട്ട് ഒക്ടോബര്‍ 26-ന് ആക്രമണം നടത്തുകയും ആക്രമണത്തില്‍ അഞ്ച് പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന് ശേഷമായിരുന്നു ഖമേനിയുടെ ശക്തമായ താക്കീത് എന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിനെതിരെ മറ്റൊരു ആക്രമണത്തിന് പദ്ധതിയുണ്ടെന്നും ആയത്തുള്ള അലി ഖമേനി പറഞ്ഞു. ഇസ്രയേലിനെ ചെറുക്കുന്നതില്‍ നിന്ന് ഇറാനും സഖ്യകക്ഷികളും പിന്നോട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നുമാണ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Also Read: യുക്രെയ്ന്‍ ഇതുവരെ കാണാത്ത ശക്തമായ സൈനിക നീക്കവുമായി റഷ്യ
ഹമാസിന്റെയോ ഹിസ്ബുള്ളയുടെയോ ആക്രമണങ്ങള്‍ ഏറെനാള്‍ അതിജീവിക്കാന്‍ ഇസ്രയേലിന് ത്രാണിയില്ലെന്നും അമേരിക്കന്‍ സഹായംകൊണ്ടു മാത്രമാണ് അവര്‍ പിടിച്ചുനില്‍ക്കുന്നതെന്നുമാണ്’ ഖമേനി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസ്സെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യെമന്‍ വരെയും ഇറാന്‍ മുതല്‍ പലസ്തീന്‍ വരെയുമുള്ള രാഷ്ട്രങ്ങള്‍ ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒത്തുചേരണമെന്നും ഖമേനി ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ഖമേനിയുടെ ശക്തമായ താക്കീത് വന്നതിനുശേഷം ഇറാനെ തടയാന്‍ കൂടുതല്‍ ഡിസ്‌ട്രോയറുകള്‍, ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍, ടാങ്കറുകള്‍, ബി-52 ലോംഗ് റേഞ്ച് ബോംബറുകള്‍ എന്നിവ ഈ മേഖലയിലേക്ക് വരുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.
Also Read: സമാധാന കരാറിന് സ്ഥിരത വേണമെങ്കിൽ റഷ്യ വേണമെന്ന് ഇസ്രയേൽ, അമേരിക്കയെ കൊണ്ട് സാധിക്കില്ല !
85കാരനായ ഖമേനി, തന്റെ നേരത്തെയുള്ള പരാമര്‍ശങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിച്ചിരുന്നു, ഉദ്യോഗസ്ഥര്‍ ഇറാന്റെ പ്രതികരണം അതീവ ജാഗ്രതയോടെയാണ് വിലയിരുത്തുന്നതെന്നും ഇസ്രയേലിന്റെ ആക്രമണം ‘അതിശയോക്തിയായോ ചെറുതാക്കുകയോ ചെയ്യരുതെന്ന് ഖമേനി സൈനിക ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു . ഏപ്രിലിലും ഒക്ടോബറിലുമായി ഇറാന്‍ ഇസ്രായേലിനെതിരെ നേരിട്ടുള്ള അതിശക്തമായ രണ്ട് ആക്രമണങ്ങളാണ് നടത്തിയത്.
എന്നാല്‍ സാറ്റലൈറ്റ് ഫോട്ടോകള്‍, രാജ്യത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട ടെഹ്റാനിനടുത്തുള്ള സൈനിക താവളങ്ങള്‍, ഉപഗ്രഹ വിക്ഷേപണങ്ങളില്‍ ഉപയോഗിക്കുന്ന റെവല്യൂഷണറി ഗാര്‍ഡ് ബേസ് തുടങ്ങിയ തന്ത്രപരമായ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തെ നിസ്സാരവത്കരിക്കരുതെന്നും ഖമേനി തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
Also Read: ട്രംപിനെ തളയ്ക്കാൻ കിടിലന്‍ പദ്ധതിയുമായി കമല
ഇതിന് മുമ്പും ഖമേനി ഇസ്രയേലിനെതിരെ ശക്തമായ താക്കീതും ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. ഇസ്രയേലിനെതിരായ ഇറാന്‍ മിസൈല്‍ ആക്രമണം യുക്തിപരവും നിയമപരവുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ ആയത്തുള്ള അലി ഖമേനി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ടെഹ്റാനിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം അനുയായികളെ അഭിസംബോധന ചെയ്ത ഖമേനി ഇസ്രയേലിന് നേരേയുള്ള മിസൈല്‍ ആക്രമണങ്ങളെ ‘പൊതുസേവനം’ എന്നാണ് വിശേഷിപ്പിച്ചത്. ഹമാസിനെതിരെയോ ഹിസ്ബുള്ളയ്ക്കെതിരെയോ ഇസ്രയേല്‍ വിജയിക്കില്ലെന്നും ഖമേനി പറഞ്ഞു.
ടെഹ്റാന്‍ ‘എക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ എന്ന് വിളിക്കുന്ന ഇറാന്റെ സഖ്യകക്ഷികളും, തുടര്‍ച്ചയായി നടക്കുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍, പ്രത്യേകിച്ച് ലെബനന്റെ ഹിസ്ബുള്ളയും ഗാസ മുനമ്പിലെ ഹമാസിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിനെ ആക്രമിക്കാനുള്ള മാര്‍ഗമായും നേരിട്ടുള്ള ആക്രമണത്തിനെതിരായ ഒരു കവചമായും ഇറാന്‍ വളരെക്കാലമായി ആ ഗ്രൂപ്പുകളെ ഉപയോഗിച്ചു.
Also Read:ഗാസയില്‍ മരണതാണ്ഡവം തുടര്‍ന്ന് ഇസ്രയേല്‍: കാഴ്ചക്കാരായി യുഎന്‍
എന്നിരുന്നാലും, ഇറാന്റെ സമ്പദ്വ്യവസ്ഥ അന്താരാഷ്ട്ര ഉപരോധങ്ങളുടെ ഫലത്താല്‍ തകര്‍ച്ച നേരിടുകയാണ്. ഖമേനിയുടെ പ്രസംഗത്തിന് ശേഷം, ഇറാനിയന്‍ റിയാല്‍ ഡോളറിനെതിരെ 691,500 ആയി കുറഞ്ഞു, ഇത് എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ടെഹ്റാന്‍ 2015ല്‍ ലോകശക്തികളുമായുള്ള ആണവ കരാറിലെത്തുമ്പോള്‍ ഡോളറിന് 32,000 റിയാല്‍ ആയിരുന്നു.
ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഭീഷണി ഉയര്‍ത്തിയ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ പോസ്റ്റ് എക്സ് അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.
Also Read:തന്ത്രങ്ങൾ തിരിച്ച് പ്രയോഗിച്ച് ഇറാൻ ഗ്രൂപ്പുകൾ, ഇസ്രയേൽ അഭിമുഖീകരിക്കുന്നത് വൻ വെല്ലുവിളി
‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയതു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയിരിക്കുന്നു. ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ ശക്തിയും കഴിവും എന്തെന്ന് നിങ്ങള്‍ക്ക് ഉടനെ കാണിച്ചുതരാം’. എന്നായിരുന്നു ഖമേനി എക്‌സില്‍ കുറിച്ചത്. ഹീബ്രുവില്‍ സന്ദേശങ്ങള്‍ എഴുതുന്ന അക്കൗണ്ടാണ് എക്സ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് ഖമേനിയും പിന്‍ഗാമി ആരായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. ഇറാനില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതും 85 വയസുകാരനായ ഖമേനിയുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പിന്‍ഗാമിയെ അതിവേഗം നിശ്ചയിക്കാന്‍ ഇറാനെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ഇസ്രയേലുമായും യുഎസുമായും സംഘര്‍ഷം മുറുകിയ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം എന്നത് ശ്രദ്ധേയമാണ്.
Also Read:ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി
ആയത്തുല്ല അലി ഖമേനിയുടെ ആറ് മക്കളില്‍ രണ്ടാമനും 55കാരനുമായ മൊജ്താബ ഖമേനിയായിരിക്കും ഖമേനിയുടെ പിന്‍ഗാമിയാകുക എന്നതാണ് പൊതുവെയുള്ള ചര്‍ച്ച. സര്‍ക്കാര്‍ പദവികളോ മതപരമായ പ്രധാന സ്ഥാനങ്ങളോ വഹിക്കുന്നില്ലെങ്കിലും ഖമേനിയുടെ ഓഫിസില്‍ വലിയ സ്വാധീനം മൊജ്താബയ്ക്കുണ്ട്. 17-ാം വയസ്സില്‍ ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മൊജ്താബ, ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഖമേനിയുടെ പിന്‍ഗാമി വന്നാല്‍ ഇറാനില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആയത്തുള്ള ഖമേനിയെ പോലെ ശക്തനായ ആത്മീയ നേതാവായി ഉയരുമോ എന്നാണ് ലോകമെമ്പാടും ചോദ്യങ്ങള്‍ ഉയരുന്നത്.