ഡല്‍ഹി: പണനയം തീരുമാനിക്കുന്നതിനായി ഡിസംബറില്‍ ചേരുന്ന യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് റിസര്‍വ് ബാങ്ക് പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആര്‍ബിഐയോട് അഭ്യര്‍ത്ഥിച്ചു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പരിഗണിച്ച് പലിശനിരക്ക് തീരുമാനിക്കുന്നത് തെറ്റായ സിദ്ധാന്തമാണ്.
Also Read: 23 രൂപ പ്ലാനില്‍ മാറ്റം വരുത്തി വിഐ !
മോദി സര്‍ക്കാറിന് കീഴില്‍ വിലക്കയറ്റം സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ഗോയല്‍ പറഞ്ഞു. കേന്ദ്രമന്ത്രിയെന്ന നിലയിലല്ല മറിച്ച് വ്യക്തിപരമായ അഭിപ്രായമാണിതെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. ചടങ്ങില് പങ്കെടുത്ത ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഡിസംബറിലെ യോഗത്തില് ആര്‍ബിഐ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതികരിച്ചു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കാരണം രാജ്യത്ത് പണപ്പെരുപ്പം പതിനാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിനാല്‍ റിസര്‍വ് ബാങ്ക് പിലശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാറിനെതിരെ ഇത് പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് കേന്ദ്ര ഭക്ഷ്യമന്ത്രിയുടെ പ്രസ്താവന.