സൗന്ദര്യ സംരക്ഷണം കൂടുതലായി ആവശ്യമുള്ള സമയമാണ് മഴക്കാലം. ഒരല്പം ശ്രദ്ധ മാറിയാല്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും ഭംഗി നിലനിര്‍ത്തുക എന്നത് ശ്രമകരമാകും. മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ അഴകിനും നല്‍കുന്ന ശ്രദ്ധ മഴക്കാലത്തും ഒട്ടും കുറയ്ക്കേണ്ട. മഴ കനക്കുന്നതോടെ മുടിയുടെയും ചര്‍മ്മത്തിന്റെയും പലവിധ പ്രശ്‌നങ്ങള്‍ ഒന്നിച്ചെത്തും. അത് കൊണ്ട് തന്നെ മഴക്കാലത്തെ സൗന്ദര്യ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരല്പം ശ്രദ്ധയും കുറച്ച് സമയവുമുണ്ടെങ്കില്‍ മഴക്കാലത്തുണ്ടാകുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എളുപ്പത്തില്‍ കണ്ടെത്താനാവും. വേനല്‍ക്കാലത്തേറ്റ കരിവാളിപ്പും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും മാറ്റാന്‍ പറ്റിയ സമയമാണ് മഴക്കാലം. ചുരുക്കത്തില്‍, കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തെ കാര്യമായി ബാധിക്കും. മഴക്കാലത്ത് പൊതുവെ അന്തരീക്ഷത്തില്‍ പൊടിയുടെ സാന്നിധ്യം കുറവാണെന്നേയുള്ളൂ. എന്നാല്‍ ഈര്‍പ്പവും എണ്ണയും മറ്റ് അഴുക്കിന്റെ സാനിധ്യവും മൂലം സുഷിരങ്ങള്‍ അടഞ്ഞു പോകുന്നതിനാല്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതോടെ ചര്‍മ്മത്തില്‍ എണ്ണമയവും കുറയുന്നു. ഇതുകൊണ്ടാണ് ചര്‍മ്മത്തില്‍ വരള്‍ച്ചയും വലിച്ചിലും ഒക്കെ അനുഭവപ്പെടുന്നത്.
മഴക്കാലത്ത് ഏറ്റവും അധികം ശ്രദ്ധ നല്‍കേണ്ടത് പാദങ്ങള്‍ക്കാണ്. ചെളിവെള്ളത്തിലൂടെയും മറ്റും പടരുന്ന ഫംഗസ് ബാധ മൂലം ധാരാളം ത്വക് രോഗങ്ങള്‍ക്ക് സാധ്യതയേറുന്നു. വളംകടി പോലുള്ള രോഗങ്ങള്‍ അതുകൊണ്ടാണ് മഴക്കാലത്ത് അധികമായി അനുഭവപ്പെടുന്നത്. കാല്‍വിരലുകളുടെ ഇടയില്‍ അടിഞ്ഞു കൂടുന്ന അഴുക്ക് വൃത്തിയാക്കാന്‍ വൈകുന്നത് പോലും വളംകടി രൂക്ഷമാകാന്‍ കാരണമാകുന്നു. പുറത്തു പോയി വന്നാലുടന്‍ കാല്‍ വൃത്തിയാക്കാന്‍ മറക്കരുത്. ചെറു ചൂടുവെള്ളത്തില്‍ അല്പം ഉപ്പ് ചേര്‍ത്ത ശേഷം കാലുകള്‍ അതില്‍ അല്‍പനേരം മുക്കി വെക്കുക, പെഡിക്യൂര്‍ ചെയ്യുന്നതും നെയില്‍ പോളീഷ് ഇടുന്നതും കുഴിനഖം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. പെഡിക്യൂര്‍ ചെയ്യുമ്പോള്‍ പാദങ്ങളിലെ പ്രഷര്‍ പോയിന്റുകളില്‍ മസ്സാജ് ചെയ്യപ്പെടുന്നതിനാല്‍ ഉപ്പൂറ്റിയിലും കാലിനും ഉണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം ലഭിക്കും.കുളിക്കുമ്പോള്‍ പാദങ്ങളുടെ ഉപ്പൂറ്റി ഒരു പ്യുമിസ്സ്‌റ്റോണ്‍ ഉപയോഗിച്ച് വൃത്തിയായി ഉരച്ച് കഴുകുക. പാദങ്ങള്‍ വൃത്തിയാക്കിക്കഴിഞ്ഞാല്‍ നനവ് അല്പം പോലുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഒലിവു ഓയില്‍ തേച്ച് മസ്സാജ് ചെയ്യാം. ഉറങ്ങുമ്പോള്‍ പാദങ്ങളില്‍ സോക്‌സ് ധരിക്കുന്നതും പാദങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
താരനും മുടികൊഴിച്ചിലുമൊക്കെ രൂക്ഷമാകുന്നത് മഴക്കാലത്താണ്. മുടിയില്‍ അധിക നേരം നനവിരിക്കുന്നത് ദോഷം ചെയ്യും. ദിവസേന മുടി കഴുകുന്നത് ഒഴിവാക്കാനാകില്ല, എന്നാല്‍ ദിവസം ഒരു പ്രാവശ്യം മാത്രം മുടി കഴുകിയാല്‍ മതി. ജലദോഷമുണ്ടെങ്കില്‍ ചെറു ചൂട് വെള്ളം ഉപയോഗിച്ച് തല കഴുകാം. നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി കെട്ടി വെക്കുക. നനഞ്ഞ മുടി കെട്ടി വെക്കുമ്പോള്‍ എണ്ണയുടെയും ഈര്‍പ്പത്തിന്റെയും സാന്നിധ്യത്താല്‍ താരം കൂടാന്‍ ഇടയുണ്ട്. താരന്റെ ശല്യം കൂടുതലായുണ്ടെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണ ഓയില്‍ മസ്സാജ് ചെയ്യാം. മസ്സാജ് ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണ ചെറുതായി ചൂടാക്കിയ ശേഷം ഉപയോഗിക്കുന്നതും നല്ലതാണ്. അതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം രാസപദാര്‍ത്ഥങ്ങള്‍ കൂടുതലായി അടങ്ങിയിട്ടുള്ള കേശ സംരക്ഷണ ഉത്പന്നങ്ങളുടെ ഉപയോഗം കഴിവതും ഒഴിവാക്കുക എന്നതാണ്. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനു പകരം ഉപദ്രവമായിരിക്കും കൂടുതലായി ഉണ്ടാക്കുക.
മുടി കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിക്കാം. തലയില്‍ തേച്ച് പിടിപ്പിക്കുന്ന എണ്ണയുടെ അളവ് കുറച്ചാല്‍ ഉപയോഗിക്കുന്ന ഷാംപൂവിന്റെ അളവും കുറയ്ക്കാം. ഷാംപൂ ചെയ്ത ശേഷം കണ്ടിഷനിംഗ് നിര്‍ബന്ധമാണ്. ആന്റി ഫ്രിസ് കണ്ടിഷണര്‍ ഉപയോഗിക്കാം. നനഞ്ഞ മുടി ഉണക്കിയ ശേഷം ഒരു ആന്റി ഫ്രിസ് ഹെയര്‍ സെറം പുരട്ടിയാല്‍ മുടിക്ക് നല്ല ഒതുക്കവും മിനുസവും തിളക്കവും ലഭിക്കും. മഴക്കാലത്ത് മുടി കൊഴിയാനുള്ള സാധ്യത 30% വരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്ന മുടിയില്‍ ഫംഗസ് ബാധ അതിവേഗം ഉണ്ടാകും. അതിനാല്‍ പുറത്ത് പോകുമ്പോള്‍ മുടി കഴുകേണ്ടതില്ല. പൊടിയും മറ്റ് അഴുക്കുകളും ഏല്‍ക്കാതിരിക്കാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മുടി ഒരു സ്‌കാര്‍ഫ് ഉപയോഗിച്ച് കവര്‍ ചെയ്യുക. നീളമുള്ള മുടി മഴക്കാലത്ത് പരിപാലിക്കാന്‍ പ്രയാസമാണ് പലര്‍ക്കും. മുടി മുറിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ മഴക്കാലത്ത് ചെയ്യുന്നതാകും ഉചിതം. നീളം കുറഞ്ഞ മുടിയാണ് മഴക്കാലത്ത് കൈകാര്യം ചെയ്യാനും എളുപ്പം. നിങ്ങളുടെ മുഖത്തിന് അനുയോജ്യമായ ഹെയര്‍ കട്ടുകള്‍ ഒരു സ്‌റ്റൈലിസ്റ്റിന്റെ സഹായത്തോടെ തിരഞ്ഞെടുക്കാം. കാലാവസ്ഥയ്ക്ക് യോജിച്ചതും അതോടൊപ്പം ഒരല്പം ട്രെന്‍ഡി ആയതുമായ ഹെയര്‍ സ്‌റ്റൈലുകള്‍ തിരഞ്ഞെടുക്കാം. ഹെയര്‍ കളറിങ്ങും ഹെയര്‍ സ്‌ട്രൈറ്റനിംഗും ഒക്കെ തല്‍ക്കാലത്തേക്ക് വേണ്ട എന്ന് വെക്കുന്നതാണ് ഉചിതം.
പുറത്തു പോയി വന്നാലുടന്‍ ഏതെങ്കിലും വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കണം. മഴക്കാലത്ത് ചര്‍മ്മം കൂടുതല്‍ വലിയുന്നതിനാല്‍ ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുളിക്കുന്നതിനു മുമ്പ് കൈ കാലുകളിലുള്‍പ്പടെ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ കൊണ്ട് മസ്സാജ് ചെയ്യാം. വെളിച്ചെണ്ണയും എള്ളെണ്ണയും ഒരേ അളവില്‍ യോജിപ്പിച്ച് ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒരു മികച്ച മാര്‍ഗ്ഗമാണിത്. കൈകളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഗ്ലിസറിനും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നതും ഉപകാരപ്രദമാണ്. കുളി കഴിഞ്ഞാല്‍ നിര്‍ബന്ധമായും മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. മഴക്കാലത്ത് മേക്കപ്പ് ഉപയോഗിക്കാതിരിക്കുകയാകും നല്ലത്. ഇനി അഥവാ മേക്കപ്പ് ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രം ഉപയോഗിക്കാം. ലിക്വിഡ് ഫൗണ്ടേഷന്റെ ഉപയോഗം ഒഴിവാക്കാം. ലിക്വിഡ് മേക്കപ്പ് വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മഴക്കാലത്ത് ഒലിച്ചിറങ്ങാനുള്ള സാധ്യത കൂടുതലാണ്.
അതിനാല്‍ വാട്ടര്‍ പ്രൂഫ് മേക്കപ്പ് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ? മേക്കപ്പ് ചെയ്യുമ്പോള്‍ കടും നിറത്തിലുള്ള ചായങ്ങള്‍ ഒഴിവാക്കി ചര്‍മ്മത്തിന്റെ നിറത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇളം നിറങ്ങള്‍ ഉപയോഗിക്കാം. ഫൗണ്ടേഷനും ക്ലെന്‍സറും വളരെ കുറച്ച് ഉപയോഗിച്ചാല്‍ മതി. കൂടുതല്‍ സമയത്തേക്ക് മേക്കപ്പ് നിലനിര്‍ത്താന്‍ വാട്ടര്‍പ്രൂഫ് പ്രൈമര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പൗഡര്‍ രൂപത്തിലുള്ള ഐഷാഡോയും ഐലൈനറും ഒഴിവാക്കുക. മസ്‌കാരയുടെ ഉപയോഗവും ആവശ്യഘട്ടങ്ങളില്‍ മാത്രം മതി. പകരം ക്രീം രൂപത്തിലുള്ളവ തിരഞ്ഞെടുക്കാം. മഴക്കാലത്ത് ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. ചുണ്ടിന്റെ നിറത്തിനു ചേര്‍ന്ന ലിപ് ലൈനര്‍ ഉപയോഗിച്ച് വരച്ച ശേഷം ലിപ്സ്റ്റിക്ക് ഇട്ടാല്‍ ലിപ്സ്റ്റിക്ക് കൂടുതല്‍ സമയം നില്‍ക്കും.