ഗസയിൽ 5 പേരിൽ ഒരാൾ ദിവസങ്ങളോളം പട്ടിണി കിടക്കുന്നു: യുഎൻ റിപ്പോർട്ട്

ഗസയിൽ 5 പേരിൽ ഒരാൾ ദിവസങ്ങളോളം പട്ടിണി കിടക്കുന്നു: യുഎൻ റിപ്പോർട്ട്

ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരവേ ഭക്ഷ്യ ക്ഷാമത്തിന്റെ തീവ്രത സൂചിപ്പിക്കുന്ന കണക്കുകളുമായി യുഎന്‍. ഗസയിലെ അഞ്ച് പേരില്‍ ഒരാളെങ്കിലും ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുകയാണെന്ന റിപ്പോര്‍ട്ട് യുഎൻ പുറത്തുവിട്ടു. ഗസയിലെ 4,95,000ലധികം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്. ഇത് ജനസംഖ്യയുടെ അഞ്ചില്‍ ഒരാള്‍ക്ക് തുല്യമാണ്. കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം കൊല്ലപ്പെടുന്നുവെന്നും യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹായ വസ്തുക്കളുമായെത്തിയ ട്രക്കുകള്‍ ഇസ്രായേല്‍ തടഞ്ഞതിനാല്‍ വിതരണം ചെയ്യാനാകാതെ അതിര്‍ത്തിയില്‍ കാത്തുകെട്ടി നില്‍ക്കുമ്പോഴാണ് ഇത്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി മേധാവി ഫിലിപ് ലസാറിനിയാണ് പ്രസ്താവനയിലൂടെ ഇത് അറിയിച്ചത്. ഉപരോധ മുനമ്പില്‍ വരാനിരിക്കുന്ന കടുത്ത ക്ഷാമത്തെക്കുറിച്ച് നിരവധി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും ഇസ്രായേല്‍ ട്രക്കുകളുടെ ഡെലിവറി തടയുകയാണ്.

ഗസയിലെ ഇസ്രായേലിന്റെ യുദ്ധം ഒമ്പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ മാനുഷിക പ്രതിസന്ധി വിനാശകരമായ തലത്തിലെത്തുകയും ഒരു ദശലക്ഷത്തിലധികം പലസ്തീനികള്‍ പലായനം ചെയ്യുകയും അവശ്യ വിഭവങ്ങളുടെ വ്യാപകമായ ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ടെന്നും യുഎന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

67 ശതമാനം കുടിവെള്ള-ശുചീകരണ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കപ്പെടുകയോ ഗുരുതരമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരിക്കുന്നു. ഇസ്രായേല്‍ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് 37,400 കവിഞ്ഞു. ഇതില്‍ 15,000ത്തിലധികം കുട്ടികളും വരും..!

Top