ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ട്രെൻഡ് കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സ് 224 പോയിന്റ് (+0.28%) 81,127ലും നിഫ്റ്റി 63 പോയിന്റ് (+0.26%) നേട്ടവുമായി 24,833ലുമാണുള്ളത്. സെൻസെക്സിൽ ഭാരതി എയർടെൽ, ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, അൾട്രടെക് സിമന്റ്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ് എന്നിവ 1-1.9% ഉയർന്ന് നേട്ടത്തിൽ മുന്നിലുണ്ട്. എൻടിപിസി, പവർഗ്രിഡ്, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് ഒരു ശതമാനം വരെ താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ.
നിഫ്റ്റിയുടെ പ്രകടനം
നിഫ്റ്റി50ൽ ഗ്രാസിം ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ടാറ്റാ കൺസ്യൂമർ, ഹീറോ മോട്ടോകോർപ്പ്, ടൈറ്റൻ എന്നിവ 1.5-2.8% ഉയർന്ന് നേട്ടത്തിലും ഡോ. റെഡ്ഡീസ്, എൻടിപിസി, ടാറ്റാ മോട്ടോഴ്സ്, സിപ്ല, പവർഗ്രിഡ് എന്നിവ 0.7-1.46% താഴ്ന്ന് നഷ്ടത്തിലും മുന്നിലാണ്. സ്പാനിഷ് കമ്പനിയായ സെലെസ്ട്രയിൽ നിന്ന് അടുത്ത 25 വർഷത്തേക്ക് സൗരോർജം വാങ്ങാൻ എൻടിപിസി കരാറിലേർപ്പെട്ടിട്ടുണ്ട്.
വിശാല വിപണിയിൽ നിഫ്റ്റി ഫാർമ (-0.08%). ഓയിൽ ആൻഡ് ഗ്യാസ് (-0.06%), ഹെൽത്ത്കെയർ (-0.06%) എന്നിവ ഒഴികെയുള്ളവ 0.8% വരെ നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 0.61% ഉയർന്ന് വ്യാപാരം ചെയ്യുന്നു.
ഓല ഇലക്ട്രിക് ഓഹരികൾ ഇന്ന് 7% ശതമാനം വരെ താഴെപ്പോയി. ലാഭമെടുപ്പാണ് തിരിച്ചടിയായത്. 4,500 കോടി രൂപയുടെ ഫോളോ-ഓൺ ഓഹരി വിൽപന (എഫ്പിഒ) നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഐആർഇഡിഎ ഓഹരി 9 ശതമാനത്തിലധികം മുന്നേറി. വിനോദ ബിസിനസ് വിഭാഗത്തെ സൊമാറ്റോയ്ക്ക് കൈമാറുന്ന പേയ്ടിഎമ്മിന്റെ ഓഹരി ഇന്ന് 5 ശതനമാനത്തിലധികവും സൊമാറ്റോ ഓഹരി 3 ശതമാനത്തിലധികവും ഉയർന്നെങ്കിലും പിന്നീട് നഷ്ടത്തിലായി. ഇരു ഓഹരികളും 0.4-0.6% നഷ്ടത്തിലാണ് നിലവിലുള്ളത്.
മിന്നിത്തിളങ്ങി ഫാക്ട്; കല്യാൺ ജ്വല്ലേഴ്സും മുന്നേറ്റത്തിൽ
കേരള കമ്പനികളിൽ ഫാക്ട് ഇന്ന് 10 ശതമാനത്തിലധികം മുന്നേറി. ചൈനയിൽ നിന്നുള്ള ഐസോപ്രൊപ്പൈൽ ആൽക്കഹോളിന് (ഐപിഒ) ആന്റി-ഡമ്പിങ് ഡ്യൂട്ടി ഏർപ്പെടുത്താനുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമെഡീസിന്റെ (ഡിജിടിആർ) നിർദേശമാണ് ഇന്ന് ഫാക്ട് ഉൾപ്പെടെയുള്ള ഇന്ത്യൻ വളം നിർമാണക്കമ്പനികളുടെ ഓഹരികളെ നേട്ടത്തിലേക്ക് നയിച്ചത്.
നിലവിൽ 8.54% നേട്ടവുമായി 1,034 രൂപയിലാണ് ഫാക്ട് ഓഹരിയുള്ളത്. വിദേശ നിക്ഷേപകരായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് 1,300 കോടി രൂപയുടെ ഓഹരികൾ തിരികെവാങ്ങിയ പ്രൊമോട്ടർമാരുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരി ഇന്ന് 7 ശതമാനത്തിലധികം നേട്ടത്തിലാണ്. ഇതുൾപ്പെടെ മൊത്തം 3,585 കോടി രൂപയുടെ ബ്ലോക്ക് ഡീൽ ഇന്നലെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിൽ നടന്നിരുന്നു.
കടപ്പത്രങ്ങളിറക്കി 50 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന മുത്തൂറ്റ് കാപ്പിറ്റലിന്റെ ഓഹരി 5 ശതമാനത്തിലധികം നേട്ടത്തിലാണ്.
ഇൻഡിട്രേഡ് (+5%), ആസ്പിൻവാൾ (+4.99%), കിറ്റെക്സ് (+4.75%) എന്നിവയും ഇന്ന് നേട്ടത്തിൽ മുൻനിരയിലുണ്ട്. സെല്ല സ്പേസ് ആണ് 4.99% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. സഫ സിസ്റ്റംസ്, പ്രൈമ ഇൻഡസ്ട്രീസ്, ജിടിഎൻ ടെക്സ്റ്റൈൽസ്, വി-ഗാർഡ്, സ്റ്റെൽ ഹോൾഡിങ്സ്, കിങ്സ് ഇൻഫ്ര, ഇസാഫ്, കൊച്ചിൻ ഷിപ്പ്‍യാർഡ്, കേരള ആയുർവേദ, മുത്തൂറ്റ് ഫിനാൻസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.