ന്യൂഡൽഹി: വിദേശത്തുള്ള സ്വത്തുക്കളും വിദേശത്തുനിന്ന് സമ്പാദിച്ച വരുമാനവും ആദായ നികുതി റിട്ടേണിൽ (ഐ.ടി.ആർ) വെളിപ്പെടുത്തിയില്ലെങ്കിൽ നിലവിലുള്ള കള്ളപ്പണ വിരുദ്ധ നിയമപ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് നികുതിദായകർക്ക് മുന്നറിയിപ്പ് നൽകി. 2024-25 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പിച്ചവർ അത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ശനിയാഴ്ച ആരംഭിച്ച അവബോധ കാമ്പെയ്നിന്റെ ഭാഗമായിട്ടാണ് വകുപ്പ് ഈ പൊതു നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
ഐ.ടി.ആർ ഷെഡ്യൂളിൽ ഇന്ത്യയിലെ നികുതിദായകരുടെ വിദേശ ആസ്തിയിൽ ബാങ്ക് അക്കൗണ്ടുകൾ, ക്യാഷ് വാല്യു ഇൻഷുറൻസ് കരാർ അല്ലെങ്കിൽ ആന്വിറ്റി കരാർ, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസ്സിലോ ഉള്ള സാമ്പത്തിക താൽപര്യം, സ്ഥാവര സ്വത്ത്, കസ്റ്റോഡിയൽ അക്കൗണ്ട്, ഇക്വിറ്റി, ഡെറ്റ് പലിശ, ട്രസ്റ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാനദണ്ഡത്തിന് കീഴിലുള്ള നികുതിദായകർ അവരുടെ ഐ.ടി.ആറിൽ വിദേശ ആസ്തി അല്ലെങ്കിൽ വിദേശ വരുമാനം (എഫ്.എസ്.ഐ) നിർബന്ധമായും പൂരിപ്പിക്കണമെന്ന് വകുപ്പ് പറയുന്നു. വിദേശ ആസ്തി/വരുമാനം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നപക്ഷം ‘കള്ളപ്പണം അഥവാ വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും) നികുതി നിയമം 2015’ പ്രകാരം 10 ലക്ഷം രൂപ പിഴ ഈടാക്കാമെന്നും നിർദേശത്തിൽ പറയുന്നു.
Also Read : സിനിമകള്‍, സ്‌പോര്‍ട്സ്; ഡിസ്ട്രിക്റ്റ് ആപ്പ് എത്തി
കാമ്പെയ്നിന്റെ ഭാഗമായി 2024-25 വർഷത്തേക്ക് ഐ.ടി.ആർ ഫയൽ ചെയ്ത നികുതി ദായകർക്ക് അതറിയിക്കുന്ന എസ്.എം.എസും ഇ-മെയിലും അയക്കുമെന്ന് നികുതി വകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. വൈകിയതും പുതുക്കിയതുമായ ഐ.ടി.ആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.