ന്യൂഡൽഹി: പ്രതിപക്ഷ നേതാവായി ലോക്‌സഭയിൽ 100 ദിവസം പൂർത്തിയാക്കി രാഹുൽ ഗാന്ധി.കഴിഞ്ഞ ദശാബ്ദക്കാലമായി ഒഴിഞ്ഞുകിടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന പദവിയിൽ ജൂൺ 24നാണ് രാഹുൽ ഗാന്ധി ചുമതലയേറ്റത്. കൂടുതൽ നീതിയും അനുകമ്പയും സമ്പന്നവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും , അതിനായി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം തുടങ്ങിയ മൂല്യങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് തന്‍റെ ദൗത്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇക്കാലയളവിൽ അദ്ദേഹം സാധാരണക്കാരന്റെ ശബ്ദം കൂടുതലായി മുന്നോട്ടു കൊണ്ടുവരികയും കർഷകരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആശങ്കകൾ ഉയർത്തിക്കാട്ടുകയും ചെയ്തുവെന്ന് കോൺഗ്രസ് പ്രശംസിച്ചു. ലാറ്ററൽ എൻട്രി പോളിസി, റിയൽ എസ്റ്റേറ്റ് വിൽപനയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നീക്കം ചെയ്യൽ, ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട് തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പിൻവലിക്കാൻ അദ്ദേഹം കേന്ദ്ര സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തിയതായി രാഹുലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
Also Read: മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ഇന്ന് മുതല്‍
പലപ്പോഴും പാർലമെന്‍റിൽ എത്താത്ത പ്രശ്‌നങ്ങളെ കൂട്ടുപിടിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം ഉയർത്താൻ രാഹുൽ പ്രവർത്തിച്ചു. ആരും കേൾക്കാനില്ലാത്തവർക്ക് ശബ്ദം നൽകി.തന്‍റെ പരിശ്രമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വഹിക്കേണ്ട പങ്കിനെ അദ്ദേഹം മാതൃകാപരമാക്കി. അധികാരത്തിന്റെ ഇടനാഴികളിൽ തങ്ങളെത്തന്നെ കേൾക്കാൻ പാടുപെടുന്നവരുടെ ശബ്ദം ഉയർത്തേണ്ടത് എത്ര അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ കാണിച്ചുതന്നുവെന്നും ഖേര പറഞ്ഞു .
Also Read:സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍
കർഷകരുടെയും തൊഴിലാളികളുടെയും ലോക്കോ പൈലറ്റുമാരുടെയും തോട്ടിപ്പണിക്കാരുടെയും പരാതികൾ കേട്ട് കഴിഞ്ഞ 100 ദിവസങ്ങളിൽ രാഹുൽ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിച്ചു. ഇന്ത്യയുടെ മതേതര മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് പാർലമെന്‍റിൽ വഖഫ് ബില്ലിന്റെ പുനരവലോകനത്തിനായി രാഹുൽ പ്രേരിപ്പിച്ചു. ആഗസ്റ്റിൽ കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെ, നിരവധി പ്രതിപക്ഷ നേതാക്കളുമായി പാർലമെന്‍റിൽ നടന്ന ചൂടേറിയ ചർച്ചക്കുശേഷം ‘ക്രൂരം’ എന്ന് വിശേഷിപ്പിക്കുകയും എതിർക്കുകയും ചെയ്തു. കൂടാതെ , ഭരണ സഖ്യത്തിനുള്ളിലെ വിവിധ പാർട്ടികളുടെ പിന്തുണ ലഭിച്ച ജാതി സെൻസസിനായുള്ള ഗാന്ധിയുടെ ആഹ്വാനവും ഖേര ചൂണ്ടിക്കാട്ടി.