CMDRF

‘ഈ വർഷം 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കും’: മന്ത്രി വീണാ ജോർജ്

‘ഈ വർഷം 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കും’: മന്ത്രി വീണാ ജോർജ്
‘ഈ വർഷം 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കും’: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും.

ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേർക്ക് യോഗ അഭ്യസിക്കാൻ സാധിക്കും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവർത്തന റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു.

നവകേരള കർമ്മപദ്ധതിയിലെ 10 പ്രധാന പദ്ധതികളിൽ ഒന്നാണ് ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്തുക എന്നത്. മാതൃശിശു മരണം ഏറ്റവും കുറവ് കേരളത്തിലാണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതലും കേരളത്തിലാണ്. എന്നാൽ ജീവിതശൈലീ രോഗങ്ങൾ ഒരു വെല്ലുവിളിയായി നിൽക്കുന്നു.

ഈ വെല്ലുവിളികളെ പ്രതിരോധിച്ച് സമൂഹത്തിന്റെ രോഗാതുരത കുറയ്ക്കുക എന്നതിൽ യോഗയ്ക്ക് പരമ പ്രധാന സ്ഥാനമുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി യോഗ അഭ്യസിപ്പിക്കുക എന്ന ഉദ്യമമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സമ്പൂർണ യോഗ പരിജ്ഞാനം നൽകി ആരോഗ്യവും ജീവിത ഗുണനിലവാരവും ഉറപ്പ് വരുത്താനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top