തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തിലേക്ക്. ബുധനാഴ്ച രാവിലെ എട്ടുമുതലാണ് സർവിസ് നിർത്തിവെച്ച് സി.ഐ.ടി.യു സമരം ആരംഭിച്ചത്. ശമ്പള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സി.ഐ.ടി.യു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം.
ആംബുലൻസ് ജീവനക്കാരുടെ സമരത്തിൽ ആവശ്യക്കാർ വലഞ്ഞിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരിക്കുകയാണ്. നവംബർ ഒന്നിന് സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്നും ബാക്കി പിന്നീടെന്നുമായിരുന്നു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിലെ തീരുമാനം.
Also Read: യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി
ശമ്പളം നൽകിയില്ലെങ്കിൽ 108 ആംബുലൻസ് സേവനം പൂർണമായും നിലക്കുന്ന അവസ്ഥയാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ശമ്പളം നൽകുന്നത്.