കുത്തേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു; ഉദയ്പൂരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം

കുത്തേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു; ഉദയ്പൂരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം
കുത്തേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു; ഉദയ്പൂരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘര്‍ഷാവസ്ഥ അതിരൂക്ഷം. മൂന്ന് ദിവസം മുമ്പാണ് സഹപാഠി കുട്ടിയെ തുടയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പിന്നാലെ, ഉദയ്പൂരില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഓഗസ്റ്റ് 16 വെളളിയാഴ്ചയാണ് വിദ്യാര്‍ഥികള്‍ തമ്മിലെ തര്‍ക്കത്തിനൊടുവില്‍ കുട്ടിക്ക് കുത്തേറ്റത്.

വിദ്യാര്‍ഥിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന്, നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ജനക്കൂട്ടം വാഹനങ്ങള്‍ കത്തിക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. കുട്ടിയെ കുത്തിപരുക്കേല്‍പ്പിച്ച സഹപാഠിയേയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ, വനഭൂമി കയ്യേറിയെന്ന് ആരോപിച്ച് 15 വയസ്സുള്ള പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടക വീട് ശനിയാഴ്ച അധികാരികള്‍ പൊളിച്ചുനീക്കി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ആശുപത്രിക്ക് ചുറ്റും കൂടുതല്‍ സേനയെ വിന്യസിച്ചിരുന്നു. ക്രമസമാധാനം പാലിക്കാന്‍ ഉദയ്പൂര്‍ സോണ്‍ ഐജി അജയ് പാല്‍ ലാംബ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കുട്ടിയുടെ ചികിത്സയില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും ധനസഹായവും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര ആവശ്യപ്പെട്ടു.

Top