CMDRF

എക്‌സൈസ് കോൺസ്റ്റബിൾ ഫിസിക്കൽ ടെസ്റ്റിനിടെ 11 ഉദ്യോഗാർത്ഥികൾ മരിച്ചു

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു

എക്‌സൈസ് കോൺസ്റ്റബിൾ  ഫിസിക്കൽ ടെസ്റ്റിനിടെ 11 ഉദ്യോഗാർത്ഥികൾ മരിച്ചു
എക്‌സൈസ് കോൺസ്റ്റബിൾ  ഫിസിക്കൽ ടെസ്റ്റിനിടെ 11 ഉദ്യോഗാർത്ഥികൾ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ എക്‌സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിലെ ശാരീരിക ക്ഷമത പരിശോധനക്കിടെ 11 ഉദ്യോഗാർത്ഥികൾ മരിച്ചു. ഓ​ഗസ്റ്റ് 22നായിരുന്നു റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് എന്നീ ജില്ലകളിലെ ഏഴോളം കേന്ദ്രങ്ങളിൽ ഫിസിക്കൽ ടെസ്റ്റുകൾ ആരംഭിച്ചത്.

പലാമുവിൽ നാല് മരണങ്ങളും ഗിരിദിഹ്, ഹസാരിബാഗ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും റാഞ്ചിയിലെ ജാഗ്വാർ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാൾ വീതവും മരിച്ചതായാണ് പൊലീസ് റിപ്പോർട്ട്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും മരുന്ന്, വെള്ളം, മൊബൈൽ ടോയ്ലറ്റ്, ആംബുലൻസ് സൗകര്യം എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

വിശദാംശങ്ങൾ ചുവടെ:

പുലർച്ചെയാണ് ഫിസിക്കൽ ടെസ്റ്റുകൾ നടത്തിവരുന്നത്. കടുത്ത ചൂട് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണിത്. പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാ 500 മീറ്ററിലും ഉദ്യോ​ഗാർത്ഥികൾക്ക് കുടിവെള്ളം സജ്ജമാക്കിയിട്ടുണ്ടെന്നും പൊലീസ് വക്താവ് അമോൽ ഹോംകർ പറഞ്ഞു.

അതേസമയം ഉദ്യോ​ഗാർത്ഥികൾ മതിയായ പരിശീനമില്ലാതെയാണ് പരീക്ഷക്കെത്തുന്നതെന്ന് ഷെയ്ക് ബിഖാരി മെഡിക്കൽ കോളേജിലെ മെഡിക്കൽ സുപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

കൃത്യമായ പരിശീലമില്ലാതെയെത്തുന്ന ഉദ്യോ​ഗാർത്ഥികളോട് അധിക ദൂരം ഓടാൻ പറയുമ്പോൾ പോലും അവർക്ക് പ്രയാസമാണ്. കാലാവസ്ഥയും മരണങ്ങൾക്ക് മറ്റൊരു കാരണമാണ്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നും സുപ്രണ്ട് പറഞ്ഞു. വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. മരണപ്പെട്ട ചിലർ അക്രമ സ്വഭാവം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളിലുണ്ട്. ഇത് അമിതമായി സ്റ്റിറോയിഡുകൾ ഉപയോ​ഗിക്കുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ട്.

Also read: മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടതായ് റിപ്പോർട്ട്

അതേസമയം അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആരോപിച്ച് ബിജെപി യുവജനവിഭാഗം രംഗത്തെത്തി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ജോലിയും ഉറപ്പാക്കണമെന്നും ബിജെപി അധ്യക്ഷൻ ബാബുലാൽ മാരണ്ഡി പറഞ്ഞു.

സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ ആവിഷകരിച്ച റിക്രൂട്ട്മെന്റ് മാന്വലിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് ജാർഖണ്ഡ് മുക്തി മോർച്ച വക്താവ് സുപ്രിയോ ഭട്ടാചാര്യ പ്രതികരിച്ചു. ഓഗസ്റ്റ് 30 വരെ ആകെ 1,27,772 ഉദ്യോഗാർത്ഥികളാണ് ഫിസിക്കൽ ടെസ്റ്റിന് ഹാജരായത്. ഇതിൽ 78,023 പേർ വിജയിച്ചിരുന്നു.

Top