മഹാരാഷ്ട്രയിൽ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു

മഹാരാഷ്ട്രയിൽ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
മഹാരാഷ്ട്രയിൽ 6 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ; മഹാരാഷ്ട്രയിൽ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഗഡ്ചിരോളി ജില്ലയിൽ 6 മണിക്കൂർ നീണ്ട ഓപ്പറേഷനിലാണു മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽനിന്നു നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഡ് അതിർത്തിയോടു ചേർന്ന വന്ദോലി ഗ്രാമത്തിനു സമീപം 15 മാവോയിസ്റ്റുകൾ ക്യാംപ് ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് രാവിലെ പത്തോടെയാണു ഗഡ്ചിരോളിയിൽ മഹാരാഷ്ട്ര പൊലീസ് തിരച്ചിൽ ആരംഭിച്ചത്.

ഡപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ കാടിനുള്ളിലായിരുന്നു ഓപ്പറേഷൻ. ഉച്ചകഴിഞ്ഞാണു മാവോയിസ്റ്റുകളുമായി വെടിവയ്പ് ആരംഭിച്ചത്. പരസ്പരമുള്ള വെടിവയ്പ് 6 മണിക്കൂറിലധികം നീണ്ടു.

മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ‌ എസ്ഐക്കും ജവാനും പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണു വിവരം. ഇവരെ തുടർ ചികിത്സയ്ക്കായി നാഗ്പുരിലേക്ക് മാറ്റി. 12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു.

3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, ഒരു എസ്എൽആർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാൽ അത്രവും കൊല്ലപ്പെട്ടെന്നാണു വിവരം. മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്തു തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top