തിരുവനന്തപുരം: കേരളത്തിലെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ പി.ജി സീറ്റുകള്‍ക്കായി 12 മെഡിക്കല്‍ സീറ്റുകൾക്ക് അനുമതി. ആരോഗ്യ മന്ത്രി വീണാജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡി.എം പീഡിയാട്രിക് നെഫ്രോളജി 2 സീറ്റ്, ഡി.എം പള്‍മണറി മെഡിസിന്‍ രണ്ട് സീറ്റ്, എം.ഡി അനസ്‌തേഷ്യ ആറ് സീറ്റ്, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംഡി സൈക്യാട്രി രണ്ട് സീറ്റ് എന്നിങ്ങനെയാണ് ലഭിക്കുക.
രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് പിഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുന്നത്. പരിശീലനം നല്‍കി വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിച്ചെടുക്കാന്‍ ഇതൊരവസരമാണ്. വൃക്ക രോഗങ്ങള്‍, ഡയാലിസിസ്, വൃക്ക മാറ്റിവെക്കല്‍ എന്നിവയില്‍ രാജ്യത്ത് ഡോക്ടര്‍മാരുടെ എണ്ണം കുറവാണ്.
Also Read: വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ക്കെതിരെ ജാഗ്രതാ നിർദേശവുമായി നോര്‍ക്ക
പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കല്‍ കോളേജ് കൂടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. എസ്.എ.ടി. ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഡിഎം പീഡിയാട്രിക് നെഫ്രോളജി തുടങ്ങുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതോടെ രോഗീ പരിചരണം, അധ്യാപനം, ഗവേഷണം എന്നിവയില്‍ കൂടുതല്‍ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഇതോടെ ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പി.ജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി. ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സാണ് ഡി.എം പള്‍മണറി മെഡിസിന്‍. നിദ്ര ശ്വസന രോഗങ്ങളും ക്രിട്ടിക്കല്‍ കെയറും ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ഗവേഷണ രംഗത്തും ഏറെ സാധ്യതയുണ്ട്.