തിരുവനന്തപുരം; മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്കായി 12000 കോടിയോളം രൂപയുടെ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ഫിഷറീസ് വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
തീരദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ പേരെയും പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയില്‍ ഇതുവരെ ആകെ 2578 ഭവനങ്ങള്‍ നിർമിച്ചു. ഇതില്‍ 390 ഫ്ലാറ്റുകളും 2236 വീടുകളുമാണ്.
ഇതിനു പുറമേ ലൈഫ് പദ്ധതിയില്‍ ഫിഷറീസ് വിഭാഗത്തില്‍ 12723 പേര്‍ക്ക് വീട് നിർമ്മിച്ചു. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ മറ്റ് വിവിധ ഭവനപദ്ധതികള്‍ പ്രകാരം 4706 വീടുകളും 192 ഫ്ലാറ്റുകളും നിർമ്മിച്ചു. ഇത്തരത്തില്‍ ആകെ 20247 വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നിർമ്മിച്ചു നല്കിയത്.