ബെയ്ജിങ്: 1.1 ബില്യൺ യുവാൻ (12,64,12,73,722 രൂപ) കൈക്കൂലി വാങ്ങിയ ചൈന ബാങ്കർക്ക് വധശിക്ഷ. ഹുവാറോങ് ഇന്‍റർനാഷണൽ ഹോൾഡിംഗ്‌സിന്‍റെ മുൻ ജനറൽ മാനേജർ ബായ് ടിയാൻഹായ്ക്കാണ് കിഴക്കൻ ചൈനയിലെ കോടതി വധശിക്ഷ വിധിച്ചത്.
രാഷ്ട്രീയ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും എല്ലാ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു. ഇന്‍റർമീഡിയറ്റ് പീപ്പിൾസ് കോടതിയുടെ വിധി പ്രകാരം ഇയാളുടെ അനധികൃത നേട്ടങ്ങൾ വീണ്ടെടുത്ത് സംസ്ഥാന ട്രഷറിയിലേക്ക് മാറ്റുകയും ചെയ്യും. ഭീമമായ തുകയ്ക്ക് പകരമായി പദ്ധതികൾ ഏറ്റെടുക്കുന്നതിലും ധനസഹായം നൽകുന്നതിലും മറ്റുള്ളവരെ സഹായിക്കാൻ ബായ് തന്‍റെ സ്ഥാനം മുതലെടുത്തതായും അന്വേഷണത്തിൽ വ്യക്തമായി.
1264 കോടിയലധികമാണ് ബായ് കൈക്കൂലിയായി വാങ്ങിയിട്ടുള്ളത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത് രാജ്യത്തിന്‍റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് കാര്യമായ നഷ്ടമുണ്ടാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളുടെ വസ്തുതകൾ, സ്വഭാവം, സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മൃദുവായ ശിക്ഷ നൽകുന്നത് പര്യാപ്തമല്ലെന്നും അതിനാലാണ് വധശിക്ഷക്ക് വിധിച്ചതെന്നും കോടതി അറിയിച്ചു.