ദോഹ: മുൻ വർഷങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെച്ച് രാജ്യത്തെ വാഹനവിപണി. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 53,558 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി ദേശീയ ആസൂത്രണ സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കഴിഞ്ഞ വർഷം 47,111 വാഹനങ്ങൾ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 13.7 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക വളർച്ചയും ജനസംഖ്യയിലെ ക്രമാനുഗതമായ വർധനയുമാണ് വാഹനവിപണിയെ തുണച്ചത്. 2024 മേയ് മാസത്തിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് (8903). 8512 വാഹനങ്ങളുമായി ജനുവരി മാസമാണ് രണ്ടാമത്. സാമ്പത്തിക വളർച്ചയിലെ സുസ്ഥിരതയും ജനസംഖ്യ ഉയർച്ചയുമാണ് ഓട്ടോമൊബൈൽ വിൽപനയിലെ വർധനക്ക് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
സാമ്പത്തിക വളർച്ചക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ശേഷം വിഷൻ 2030ന് അനുസൃതമായി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളിലാണ് ഖത്തർ. ഈ വർഷം ഖത്തറിന്റെ ജി.ഡി.പി 2.2 ശതമാനം വളർച്ച എത്തുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടൽ. 2025ഓടെ ഇത് 2.9 ശതമാനമായി ഉയരുമെന്നും വിദഗ്ധർ പ്രവചിക്കുന്നു.