വാഷിങ്ടൻ: ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടി നൽകുന്നതിനെതിരെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. അതേസമയം മേഖലയിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിർദേശം നൽകി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നൽകുകയെന്ന തെറ്റ് ഇറാൻ ചെയ്യില്ലെന്നാണ് അമേരിക്ക കരുതുന്നതെന്നും ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
എന്നാൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ നടത്തിയത് എന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎന്നിന് അയച്ച കത്തിൽ ആരോപിച്ചു. ഇസ്രയേലിന്റെ ഈ നീച നീക്കങ്ങളോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തെ തടഞ്ഞതിനാലാണ് വലിയ നാശനഷ്ടങ്ങൾ ഒഴിവായത്. എന്നാലും നാലു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രവൃത്തി രാജ്യാന്തര സമാധാനത്തിന് തന്നെ ഭീഷണിയാണ്. വിഷയം ചർച്ച ചെയ്യാൻ യുഎൻ അടിയന്തര യോഗം വിളിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
Also Read: ‘ഇറാന്റെ പ്രാദേശിക അഖണ്ഡത ലംഘിച്ചതിന് ഇസ്രയേൽ നഷ്ടപരിഹാരം നൽകണം’-ആക്രമണ മുന്നറിയിപ്പുമായി ഇറാൻ
ക്ഷമിക്കാൻ ഇനി ആകില്ല !
രാജ്യത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കാൻ ഇറാന്‍ ജനത ഭയരഹിതരായി നിലയുറപ്പിക്കുമെന്നും, ഇറാന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമെന്നും, പ്രസിഡന്റ് മസൂദ് പെസെസ്കിയാൻ പറഞ്ഞു. ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായാണ് ടെഹ്റാൻ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളിൽ ഇന്നലെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.
Also Read: ‘ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖലയിലെ സംഘർഷം അവസാനിക്കും’- ജോ ബൈഡൻ
മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. എന്നാൽ ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളെയാണു തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് ഇറാനും വ്യക്തമാക്കി.