CMDRF

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മത്സരവേദിയില്‍ 160 സിനിമകള്‍, സുധീർ മിശ്ര മുഖ്യജൂറി ചെയർമാൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മത്സരവേദിയില്‍ 160 സിനിമകള്‍, സുധീർ മിശ്ര മുഖ്യജൂറി ചെയർമാൻ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മത്സരവേദിയില്‍ 160 സിനിമകള്‍, സുധീർ മിശ്ര മുഖ്യജൂറി ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ഇക്കുറി മാറ്റുരയ്ക്കാനെത്തുന്നത് 160 സിനിമകളാണ്. മലയാള സിനിമാ പുരസ്‌കാര വേദിയില്‍ ഇത്രയധികം സിനിമകള്‍ മത്സരിക്കാനെത്തുന്നതും ഇതാദ്യം. രണ്ടു പ്രാഥമികസമിതികള്‍ 80 സിനിമകള്‍വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ അന്തിമജൂറി വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിക്കും. കിന്‍ഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ചയോടെ സ്‌ക്രീനിങ് ആരംഭിച്ചു. ഓഗസ്റ്റ് പകുതിയോടെ വിലയിരുത്തല്‍ പൂര്‍ണമായേക്കും.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് മുഖ്യജൂറി ചെയര്‍മാന്‍. പ്രാഥമികസമിതി ചെയര്‍മാന്‍മാരായ സംവിധായകന്‍ പ്രിയനന്ദനന്‍, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ എന്നിവര്‍ മുഖ്യജൂറിയിലും അംഗങ്ങളാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീതസംവിധായകന്‍ ശ്രീവല്‍സന്‍ ജെ. മേനോന്‍ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങള്‍.

ഒന്നാം ഉപസമിതിയില്‍ ഛായാഗ്രാഹകന്‍ പ്രതാപ് പി. നായര്‍, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതില്‍ എഡിറ്റര്‍ വിജയ് ശങ്കര്‍, എഴുത്തുകാരന്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ്, ശബ്ദലേഖകന്‍ സി.ആര്‍. ചന്ദ്രന്‍ എന്നിവരുമാണ് അംഗങ്ങള്‍. രചനാവിഭാഗത്തില്‍ ഡോ. ജാനകീ ശ്രീധരന്‍ (ചെയര്‍പേഴ്സണ്‍), ഡോ. ജോസ് കെ. മാനുവല്‍, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങള്‍) എന്നിവര്‍ ഉള്‍പ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ മെമ്പര്‍ സെക്രട്ടറിയാണ്.

Top