കർണാടകയിലെ മാണ്ഡ്യ, യാദ്ഗിരി ജില്ലകളിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി രാജ്യസഭയിൽ ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് പറഞ്ഞു. അറ്റോമിക് എനർജി വകുപ്പിൻ്റെ ഘടക യൂണിറ്റായ ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ചാണ് (എഎംഡി) കണ്ടെത്തലിന് പിന്നിൽ.
മാണ്ഡ്യ ജില്ലയിലെ മർലഗല്ല പ്രദേശത്ത് എഎംഡി 1,600 ടൺ (ജി 3 ഘട്ടം) ലിഥിയമുണ്ടെന്നും നിക്ഷേപങ്ങളെക്കുറിച്ച് അറിയാൻ യാദ്ഗിരി ജില്ലയിൽ പ്രാഥമിക സർവേകളും പരിമിതമായ ഭൂഗർഭ പര്യവേക്ഷണങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയുടെ ചില ഭാഗങ്ങളിലും എഎംഡി ലിഥിയം പര്യവേക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ, ബീഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന മൈക്ക ബെൽറ്റുകളും ഒഡീഷ, ഛത്തീസ്ഗഡ്, കർണാടക എന്നിവിടങ്ങളിലെ പെഗ്മാറ്റിറ്റ് ബെൽറ്റുകളും ലിഥിയം വിഭവങ്ങൾക്ക് സാധ്യതയുള്ള ഭൂമിശാസ്ത്ര മേഖലകളാണ്. അടുത്തിടെ ഹിമാചൽ പ്രദേശിൽ എഎംഡി നടത്തിയ പ്രാഥമിക സർവേയിൽ ഹാമിർപൂർ ജില്ലയിലെ മസൻബാലിൽ യുറേനിയം സാന്നിധ്യം കണ്ടെത്തിയതായി ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഹിമാചൽ പ്രദേശിൽ ആണവോർജ്ജ പ്ലാൻ്റ് സ്ഥാപിക്കാൻ ആണവോർജ്ജ കമ്മീഷൻ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പരാമർശിച്ചു. സ്മാൾ മോഡുലാർ റിയാക്ടറുകളുമായി (Small Modular Reactor) ബന്ധപ്പെട്ട് ലോകമെമ്പാടും നടക്കുന്ന പ്രവർത്തനങ്ങൾ ആണവോർജ വകുപ്പ് നിരീക്ഷിക്കുന്നതായും ജിതേന്ദ്ര സിംഗ് അറിയിച്ചു. ഒപ്പം സ്മാൾ മോഡുലാർ റിയാക്ടറുകളുടെ വിവിധ രാജ്യങ്ങളിലെ സാങ്കേതിക പുരോഗതികളും രൂപകല്പനകളും പഠന വിധേയമാക്കി വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഈ മേഖലയിൽ വിദേശ രാജ്യങ്ങളുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും നിലവിൽ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഒരു സ്വകാര്യ കമ്പനിയും ചെറിയ മോഡുലാർ റിയാക്ടർ നിർമ്മിക്കാൻ താൽപര്യം കാണിച്ചിട്ടില്ല. എന്നിരുന്നാലും, ചില സ്വകാര്യ കമ്പനികൾ തങ്ങളുടെ ക്യാപ്റ്റീവ് സൈറ്റുകളിൽ ചെറിയ റിയാക്ടറുകൾ വിന്യസിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.