ഉരുൾപൊട്ടലിൽ മരണം 225 ; 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ഉരുൾപൊട്ടലിൽ മരണം 225 ; 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
ഉരുൾപൊട്ടലിൽ മരണം 225 ; 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ 225 ആയി. 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

പരിക്കേറ്റ 195 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരിൽ 133 പേർ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.

സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എൻ.ഡി.ആർ.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിൽ പങ്കാളികളാണ്. നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുക. തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുക. മണ്ണിനാൽ മൂടപ്പെട്ട വീടിൻറെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാണ് ആളുകൾക്കായി തിരച്ചിൽ നടത്തുന്നത്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.

അതിനിടെ, ഏഴിമല നാവിക അക്കാദമിയിലെ സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻറ് കമാൻഡൻറ് ആഷിർവാദിൻറെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്ത ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കൂടി എൻ.ഡി.ആർ.എഫും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടെത്തി. ചാലിയാറിൻറെ പനങ്കയം കടവിൽ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളിൽ 32 എണ്ണമാണ് കണ്ടെത്തിയത്. ഇതിനുപുറമെ 25 ശരീരഭാഗങ്ങളും ലഭിച്ചു. മൃതദേഹങ്ങളിൽ 19 എണ്ണം പുരുഷന്മാരുടേതും 11 എണ്ണം സ്ത്രീകളുടേതും രണ്ടെണ്ണം കുട്ടികളുടേതുമാണ്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.

നിലമ്പൂർ, മുണ്ടേരി, പനങ്കയം പാലം, വെള്ളിലമാട്, ശാന്തിഗ്രാമം, കമ്പിപ്പാലം, ഇരുട്ടുകുത്തി എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചത്. വയനാട് മുണ്ടക്കൈയിൽ നിന്ന് 12 കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന അരണപ്പുഴയിലൂടെയാണ് മൃതദേഹങ്ങൾ ചാലിയാറിലെത്തിയത്.

Top