റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ബഹളമുണ്ടാക്കിയ 18 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ സസ്പെൻഡ് ചെയ്യുകയും പുറത്ത് പോകാൻ വിസമ്മതിച്ച ഇവരെ മാർഷലുകൾ നീക്കം ചെയ്യുകയും ചെയ്തു. വെളളിയാഴ്ച ഉച്ച 2 മണി വരെയാണ് സസ്പെൻഷൻ. സഭയിൽ തങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ബുധനാഴ്ച മുതൽ പ്രതിഷേധിച്ച ബിജെപി അംഗങ്ങൾ സഭയിൽ ബഹളം വെക്കുകയും നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു.
സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി നിയമസഭാംഗങ്ങൾ ഇരച്ചുകയറുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവിശ്യപ്പെടുകയും ചില രേഖകൾ വലിച്ചുകീറുകയും ചെയ്തു. സംഘർഷാവസ്ഥ തുടർന്നതോടെ സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ 18 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
നിയമസഭാ എത്തിക്സ് കമ്മിറ്റി വിഷയം അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സ്പീക്കർ രബീന്ദ്ര നാഥ് മഹ്തോ പറഞ്ഞു. തുടർന്ന് 12.30 വരെ സഭ നിർത്തിവച്ചു. ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം ഭരിക്കുന്ന ജാർഖണ്ഡിൽ ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അമർ ബൗരി ആരോപിച്ചു. ഈ സർക്കാരിനെ വേരോടെ പിഴുതുമാറ്റുമെന്നും ബൗരി പറഞ്ഞു.