കാഠ്മണ്ഡു: നേപ്പാളിലെ 18 കാരിയായ നിമ റിഞ്ചി ഷെർപ്പയാണ് ലോകത്തിൽ 8000 മീറ്ററിലധികം ഉയരമുള്ള 14 പർവതങ്ങൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ആൾ. രണ്ട് വർഷവും പത്ത് ദിവസവും എടുത്താണ് നിമ റെക്കോർഡ് സ്വന്തമാക്കിയത്. 2022 സെപ്തംബറിൽ, മനസ്സ്ലു പർവതത്തിൻ്റെ (8,163 മീറ്റർ) കൊടുമുടിയിൽ നിന്നാണ് നിമ ഈ നേട്ടത്തിനുള്ള തുടക്കം കുറിച്ചത്. വെറും രണ്ട് വർഷവും പത്ത് ദിവസവും കൊണ്ട് നിമ 14 കൊടുമുടികൾ കയറി.
നിമയും പങ്കാളിയായ പസാങ് നൂർബു ഷെർപ്പയും കൂടി ചേർന്നാണ് 8027 മീറ്റർ ഉയരമുള്ള മൗണ്ട് ഷിഷാപാങ്മ കീഴടക്കിയത്. തുടർന്ന് നേട്ടം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. പർവതാരോഹണ ചരിത്രത്തിൽ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് നിമ.
2023 മേയിൽ തന്റെ 17ാം വയസിൽ 10 മണിക്കൂറിനുള്ളിൽ എവറസ്റ്റും (8848.86 മീ), ലോട്സെ (8516) കൊടുമുടിയും കീഴടക്കി ചരിത്രം കുറിച്ചിരുന്നു ഈ പർവതാരോഹകൻ. സെപ്റ്റംബറിൽ 8167 മീറ്റർ ഉയരമുള്ള ധൗലഗിരി പർവതവും കീഴടക്കി. ശിഷപാങ്മയിൽ നാല് പർവതാരോഹകർ മരിച്ചതോടെ കുറച്ചു കാലം പർവതാരോഹണം നിർത്തിവെച്ചു.അതിനു ശേഷമാണ് പുതിയ നേട്ടം.