പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തിരുവല്ല വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാര്‍ കണ്ടെത്തിയത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. ഇവര്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കാറിനുള്ളില്‍ നിന്നു തന്നെയാണ് തീ പടര്‍ന്നതെന്നാണ് പോലീസ് പറയുന്നത്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികള്‍ എന്തിനെത്തി എന്നതില്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇവര്‍ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മകനുമായി രാജു തോമസും ഭാര്യയും തര്‍ക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്പി വ്യക്തമാക്കിയത്. മകന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, മദ്യപാന ശീലം, വീട് ജപ്തിയായത് തുടങ്ങിയ പ്രശ്‌നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും പറയുന്നു.
ഇന്ന് ഉച്ചയോടെ വേങ്ങലില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഈ സമയത്താണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.