ഗാന്ധിനഗർ: ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് ഗുജറാത്തിൽ മരണം 20 ആയി. ഇതിൽ 5 പേർ ഇന്നലെ മാത്രമാണ് മരിച്ചത്. നിലവിൽ 37 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വൈറസ് പടർത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരും , പനിയുള്ളവരും എത്രയും പെട്ടന്ന് ചികിത്സ നേടണമെന്നാണ് നിർദേശം. കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചത്.
റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട ഈ വൈറസ് 1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
രോഗത്തിന്റെ ഏറ്റവും വലിയ വ്യാപനം ഉണ്ടായത് 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളിൽ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരിച്ചത്. ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത് തലച്ചോറിന ബാധിച്ചാൽ മരണം വരെ സംഭവിക്കും.