ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര. കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ അരങ്ങുവാഴുന്ന ടാറ്റ നെക്‌സോണിന്റെയും മാരുതി ബ്രെസയുടേയും വിപണി ലക്ഷ്യമിട്ട് എത്തുന്നത് XUV300 മോഡലിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ്. ഇത്തവണ പേരും ഡിസൈനും ഫീച്ചറുകളും മാറ്റിയുള്ള വരവില്‍ പ്രതീക്ഷകള്‍ ഏറെയാണ്. മികച്ച മോഡലാണെങ്കിലും കാര്യമായ പരിഗണന ലഭിക്കാതെ പോയ XUV300 ഫെയ്സ്ലിഫ്റ്റിലൂടെ കുറവുകളെല്ലാം നികത്തിയിട്ടുണ്ട്. XUV 3XO എന്ന പുതിയ പേരുമായി എത്തുന്ന എസ്യുവി ഇന്ന് മുതല്‍ ബുക്ക് ചെയ്യാനാവും. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക ഡീലര്‍ഷിപ്പുകളിലും മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും 21,000 രൂപ ടോക്കണ്‍ തുക നല്‍കി എസ്യുവി പ്രീ-ബുക്ക് ചെയ്യാം. ഇന്ത്യയിലുടനീളമുള്ള നിരവധി ഡീലര്‍ഷിപ്പുകളില്‍ എത്തിയിരിക്കുന്ന മഹീന്ദ്ര XUV 3XO എസ്യുവിക്കായുള്ള ഡെലിവറി 2024 മെയ് 26-ന് ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. MX1, MX2, MX3, AX5, AX7 എന്നീ 5 വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 7.49 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതായത് സെഗ്മെന്റിലെ മിക്ക എതിരാളികളേക്കാളും കുറഞ്ഞ പ്രാരംഭ വിലയാണ് ഇതിനുള്ളതെന്ന് സാരം.
ഈ വാഹനത്തിന് മിനി XUV700 ലുക്കുണ്ടെന്ന് തോന്നിയാലും തെറ്റു പറയാനാവില്ല. എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ക്കും C- ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കും ഗ്രില്ലിലെ പിയാനോ-ബ്ലാക്ക് ഫിനിഷും പ്രേത്യേകതകളോടെ രൂപകല്‍പ്പന ചെയ്ത ബമ്പറുമെല്ലാം ഈ വാഹനത്തിന് പുതുമ നല്‍കുന്നുണ്ട്. പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകളും പിന്നിലെ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളുമാണ് ഡിസൈനില്‍ കൊണ്ടുവന്നിരിക്കുന്ന പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറിലും കാര്യമായ നവീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ എന്‍ട്രി ലെവല്‍ എസ്യുവി ആണെങ്കിലും ഇപ്പോള്‍ കൂടുതല്‍ പ്രീമിയം ശൈലിയുള്ള ക്യാബിനുമായാണ് വരുന്നത്. ഡ്യുവല്‍-ടോണ്‍ തീം, പുതിയ ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഡ്യുവല്‍ 10.25 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേകള്‍ എന്നിവയെല്ലാം ശരിക്കുമൊരു ലക്ഷ്വറി ഫീല്‍ തന്നെയാണ് അകത്തളത്തിന് സമ്മാനിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, അലെക്സ സപ്പോര്‍ട്ട്, ഏഴ് സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ആറ്-വഴി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ലെതറെറ്റ് സീറ്റുകള്‍, പുതിയ സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ കിടിലന്‍ സവിശേഷതകളും ഉപഭോക്താക്കള്‍ക്ക് കിട്ടും. സെഗ്മെന്റ് ഫസ്റ്റ് പനോരമിക് സണ്‍റൂഫും മഹീന്ദ്ര XUV 3XO മോഡലിന്റെ പ്രത്യേകതയാണ്. സ്‌ഫേറ്റിയുടെ കാര്യത്തിലും മുമ്പില്‍ തന്നെ.
എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ് പോലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) പൊലിമയേകാനായി നല്‍കിയിട്ടുണ്ട്. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് മഹീന്ദ്ര XUV 3XO വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ 110 bhp പവറില്‍ പരമാവി 200 Nm ടോര്‍ക്ക് വരെ നല്‍കുന്നതാണ്. അതേസമയം രണ്ടാമത്തെ 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ T- GDi പെട്രോള്‍ എഞ്ചിന് 130 bhp കരുത്തില്‍ 230 Nm ടോര്‍ക്ക് വരെ നല്‍കുകയും ചെയ്യും. കോംപാക്ട് എസ്യുവിയിലെ 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ഓപ്ഷന് പരമാവധി 115 bhp കരുത്തില്‍ 300 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഉണ്ട്. എസ്യുവി ഡീസലില്‍ ലിറ്ററിന് 20.1 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.