മോദി മന്ത്രിസഭയിലെ 20 മന്ത്രിമാർ നേതാക്കളുടെ കുടുംബത്തിൽ നിന്ന് …

മോദി മന്ത്രിസഭയിലെ 20 മന്ത്രിമാർ നേതാക്കളുടെ കുടുംബത്തിൽ നിന്ന് …
മോദി മന്ത്രിസഭയിലെ 20 മന്ത്രിമാർ നേതാക്കളുടെ കുടുംബത്തിൽ നിന്ന് …

ഡൽഹി: കുടുംബാധിപത്യത്തിനെതിരെ ആഞ്ഞടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ മന്ത്രിസഭയിൽ 20 പേർ മുതിർന്ന രാഷ്‌ട്രീയ നേതാക്കളുടെ മക്കൾ. കാബിനറ്റ്‌ റാങ്കുള്ള 30 മന്ത്രിമാരിൽ ഒമ്പതുപേർ മക്കൾ രാഷ്‌ട്രീയത്തിന്റെ പ്രതിനിധികൾ. സ്വതന്ത്ര ചുമതല ഉള്ളവരടക്കം 12 സഹമന്ത്രിമാരും ഈ പട്ടികയിൽപ്പെടും. ഇതിനെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പരിഹാസവുമായി രം​ഗത്തെത്തിയിരുന്നു. തലമുറകളുടെ പോരാട്ടത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യത്തെ സ്വജനപക്ഷപാതമെന്ന് വിളിക്കുന്നവരുടെ മന്ത്രിസഭ കുടുംബ കൂട്ടായ്‌മയാണെന്ന്‌ സാമൂഹ്യമാധ്യമത്തിൽ രാഹുൽ കുറിച്ചു.

● ജ്യോതിരാദിത്യ സിന്ധ്യ
രാജീവ്‌ ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്ന പ്രമുഖ കോൺഗ്രസ്‌ നേതാവ്‌ മാധവറാവു സിന്ധ്യയുടെ മകൻ. കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ രണ്ടാം തവണയാണ്‌ മോദി മന്ത്രിസഭയിൽ അംഗമാകുന്നത്‌.

● ധർമേന്ദ്ര പ്രധാൻ
വാജ്‌പേജി മന്ത്രിസഭയിൽ അംഗമായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകൻ.

●എച്ച്‌ ഡി കുമാരസ്വാമി
മുൻ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ മകനും ജെഡിഎസ്‌ നേതാവും.

● പീയൂഷ്‌ ഗോയൽ
വാജ്‌പേയ്‌ മന്ത്രിസഭയിൽ ഷിപ്പിങ്‌ മന്ത്രിയും ബിജെപി മുൻ ട്രഷററുമായിരുന്ന വേദ്‌ പ്രകാശ്‌ ഗോയലിന്റെ മകൻ.

●ചിരാഗ്‌ പാസ്വാൻ
എൽജെപി നേതാവായിരുന്ന രാംവിലാസ്‌ പാസ്വാന്റെ മകൻ.

●കിരൺ റിജിജു
അരുണാചലിലെ കോൺഗ്രസ്‌ നേതാവും ആദ്യ പ്രോടേം സ്‌പീക്കറുമായിരുന്ന റിഞ്ചിൻ ഖാരുവിന്റെ മകൻ.

● റാം മോഹൻ നായിഡു
ടിഡിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന യെരൻ നായിഡുവിന്റെ മകൻ. മോദി സർക്കാരിൽ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി (36 വയസ്സ്‌).

● ജെ പി നദ്ദ
മധ്യപ്രദേശിൽനിന്നുള്ള മുൻ എംപിയും സംസ്ഥാന മന്ത്രിയുമായ ജയശ്രീ ബാനർജിയുടെ മരുമകൻ.

●അന്നപൂർണ ദേവി
ജെഡിയു മുൻ എംഎൽഎ രമേശ്‌ പ്രസാദിന്റെ ഭാര്യ. ബിജെപി നേതാവ്‌.

● ജിതിൻ പ്രസാദ
കോൺഗ്രസ്‌ നേതാവും രണ്ട്‌ പ്രധാനമന്ത്രിമാരുടെ ഉപദേശകനുമായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകൻ.

● അനുപ്രിയ പട്ടേൽ
അപ്‌നാദൾ സ്ഥാപകൻ സോനേലാൽ പട്ടേലിന്റെ മകൾ.

● രാംനാഥ്‌ ഠാക്കൂർ
ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ മകൻ. ജെഡിയു രാജ്യസഭാംഗം.

● ജയന്ത്‌ ചൗധരി
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ചെറുമകൻ. ആർഎൽഡി നേതാവ്‌.

● റാവു ഇന്ദ്രജിത്‌ സിങ്‌
ഹരിയാന മുൻ മുഖ്യമന്ത്രി ബിരേന്ദ്രർ സിങ്ങിന്റെ മകൻ. ബിജെപി നേതാവ്‌.

● കൃതിവർധൻ സിങ്‌
എസ്‌പി നേതാവും യുപി മന്ത്രിയും ഗോണ്ടയിൽനിന്നുള്ള എംപിയുമായിരുന്ന ആനന്ദ്‌ സിങ്ങിന്റെ മകൻ. ബിജെപി നേതാവ്‌.

● കമലേഷ്‌ പാസ്വാൻ
എസ്‌പി നേതാവ്‌ ഓം പ്രകാശ്‌ പാസ്വാന്റെ മകൻ. നാലുവട്ടം ബിജെപി എംപി.

● രക്ഷ ഖഡ്‌സെ
മഹാരാഷ്‌ട്രയിലെ എൻസിപി നേതാവും മന്ത്രിയുമായിരുന്ന ഏക്‌നാഥ്‌ ഖഡ്‌സെയുടെ മരുമകൾ. ബിജെപി നേതാവ്‌.

● വീരേന്ദ്രകുമാർ ഖതിക്‌
മുൻ മധ്യപ്രദേശ്‌ മന്ത്രിയും ബിജെപി നേതാവുമായ ഗൗരിശങ്കർ ഷെജ്‌വാറിന്റെ സഹോദരീഭർത്താവ്‌.

● ശാന്തനു ഠാക്കൂർ
മുൻ ബംഗാൾ മന്ത്രി തൃണമൂൽ നേതാവുമായിരുന്ന മഞ്ജുൾ കൃഷ്ണ ഠാക്കൂറിന്റെ മകൻ. ബിജെപി നേതാവ്‌.

● റവ്നീത് സിങ്‌ ബിട്ടു
പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി ബിയാന്ത്‌ സിങ്ങിന്റെ ചെറുമകൻ. എഎപിയിൽനിന്ന്‌ കൂറുമാറി ബിജെപിയിൽ.

Top