‘2018’ വീണു; വിദേശത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ഇനി ‘മഞ്ഞുമ്മല്‍ ബോയ്സ്’

ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ സിനിമ ഏറ്റവും ശ്രദ്ധിച്ചത് മോളിവുഡിനെയാണ്. അടുത്തടുത്ത് തിയറ്ററുകളിലെത്തിയ മൂന്ന് ചിത്രങ്ങള്‍- പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവ മികച്ച വിജയം നേടിയതാണ് അതിന് കാരണം. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നേടിയത് മലയാളം ഇതുവരെ സ്വപ്നം പോലും കാണാതിരുന്ന തരം വിജയമാണ്. പ്രേമലു തെലുങ്ക് സംസ്ഥാനങ്ങളിലും കളക്ഷന്‍ റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ഞുമ്മല്‍ ബോയ്സ് ഒരു പുതിയ ബോക്സ് ഓഫീസ് റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിട്ടുണ്ട്.

വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് അത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തെ പിന്നിലാക്കിയാണ് ചിദംബരം സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 8.3 മില്യണ്‍ ഡോളര്‍ ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതായത് 69 കോടി രൂപ! കൊടൈക്കനാല്‍ പ്രധാന കഥാപശ്ചാത്തലമാക്കുന്ന, കമല്‍ ഹാസന്‍റെ ഗുണ സിനിമയുടെ റെഫറന്‍സ് ഉള്ള ചിത്രം തമിഴ്നാട്ടില്‍ വന്‍ കളക്ഷന്‍ നേടിയെങ്കില്‍ വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മലയാളികള്‍ക്കൊപ്പം തമിഴരും കണ്ടു.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള 2018 ന്‍റെ ഓവര്‍സീസ് കളക്ഷന്‍ 8.26 മില്യണ്‍ ആണ്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ലൂസിഫറും നാലാം സ്ഥാനത്ത് പുലിമുരുകനും അഞ്ചാം സ്ഥാനത്ത് പ്രേമലുവുമാണ്. അതേസമയം നാലാം വാരം പിന്നിട്ടപ്പോഴും ചിത്രത്തിന് ഇപ്പോഴും മികച്ച സ്ക്രീന്‍ കൗണ്ടും പ്രേക്ഷകരുമുണ്ട്. ഒടിടി ഡീല്‍ നേരത്തേ തീരുമാനിക്കപ്പെട്ടിരുന്നെങ്കില്‍ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയേനെ. അക്കാര്യത്തില്‍ നേരത്തേ തീരുമാനം ആവാതിരുന്നത് ബോക്സ് ഓഫീസ് കളക്ഷന് ഏറെ ഗുണകരമായി.

Top