CMDRF

പ്രമുഖർ ഉൾപ്പെട്ട അഴിമതി, ഒടുവിൽ അറസ്റ്റ്: എന്താണ് ഡൽഹി മദ്യനയകൊള്ള..?

പ്രമുഖർ ഉൾപ്പെട്ട അഴിമതി, ഒടുവിൽ അറസ്റ്റ്: എന്താണ് ഡൽഹി മദ്യനയകൊള്ള..?
പ്രമുഖർ ഉൾപ്പെട്ട അഴിമതി, ഒടുവിൽ അറസ്റ്റ്: എന്താണ് ഡൽഹി മദ്യനയകൊള്ള..?

റസ്റ്റ് ചെയ്ത് 18 മാസങ്ങൾക്ക് ശേഷം മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

2023 ഫെബ്രുവരി 26 നാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. 493 സാക്ഷികള്‍ ഉള്ള കേസില്‍ വിചാരണ സമീപകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയക്ക് സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹം ഒളിച്ചോടാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കിയ കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

എന്താണ് മദ്യനയ കേസ്..?

അനധികൃത ഫണ്ട് സ്വരൂപിക്കുന്നതിനും അത് തങ്ങളിലേക്ക് തന്നെ എത്തുന്നതിനും വേണ്ടി ആംആദ്മി പാർട്ടിയുടെ ഉന്നത നേതാക്കൾ ഒരു എക്സൈസ് നയം രൂപീകരിക്കുന്നു. 2021 നവംബര്‍ 17 ന് പ്രാബല്യത്തില്‍ വന്ന നയം സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനും മദ്യമാഫിയയുടെ സ്വാധീനവും കരിഞ്ചന്തയും അവസാനിപ്പിക്കാനുമാണെന്നായിരുന്നു ആംആദ്മി സർക്കാരിൻ്റെ നിലപാട്. സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയായിരുന്നു നയം രൂപീകരിച്ചത്. പുതിയ നയം അനുസരിച്ച് ദേശീയ തലസ്ഥാനത്തെ ചില്ലറ മദ്യവ്യാപാരത്തിൽ സർക്കാരിന് ബന്ധമില്ല.

മാത്രമല്ല 849 മദ്യവിൽപനശാലകൾ പുതുതായി തുറക്കുകയും ചെയ്യും. ഓരോ സോണിനെയും 8-10 വാർഡുകളായി തിരിക്കുകയും ചെയ്തു. 27 മദ്യവിൽപ്പനശാലകളാണ് ഇവിടെയുള്ളത്. പുതിയ മദ്യ നയത്തോടെ തലസ്ഥാന നഗരിയിലെ മദ്യവില്‍പ്പനയില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാതായതായി ആക്ഷേപം ഉയർന്നു. നിരവധി സാമൂഹിക, വിദ്യാഭ്യാസ, മത വിഭാഗങ്ങള്‍ പുതിയ മദ്യനയത്തില്‍ അതൃപ്തരായി. സ്വകാര്യ ഔട്ട്‌ലെറ്റുകളിലൂടെ മദ്യവില്‍പ്പന തുടങ്ങിയത് സർക്കാരിനെ വലച്ചു. മദ്യത്തിന്റെ ഗുണനിലവാരത്തില്‍ വ്യാപക പരാതികളും ഉയർന്നു.

മദ്യ നയം നടപ്പാക്കിയ രീതിയില്‍ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവര്‍ണറായ വികെ സക്സേനക്ക് പരാതി നല്‍കുന്നു. ലഫ്റ്റനൻ്റ് ഗവർണറുടെ ഇടപെടലാണ് മ​ദ്യനയ കേസിന്റെ ​ഗൗരവം പുറത്ത് വരുന്നത്. ​ഗവർണർ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മദ്യനയത്തിലെ ചട്ടലംഘനങ്ങൾക്കും, തെറ്റായ നടപടിക്കുമെതിരെ അന്വേഷിക്കാൻ സക്സേന സിബിഐക്ക് ശുപാർശ ചെയ്യുന്നു. ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സക്സേനയുടെ നടപടി.

കൈകൂലി വഴി ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യവില്‍പ്പന ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും നരേഷ് കുമാറിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ടെണ്ടറുകള്‍ നല്‍കിയതിന് ശേഷം, ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കി, മദ്യ ലൈസന്‍സികള്‍ക്ക് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാനായി എഎപി സര്‍ക്കാര്‍ മദ്യനയം ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയർന്നു. സ്വാഭവികമായും ആരോപണങ്ങൾ ആളികത്തി. 2022 ഓഗസ്റ്റ് 22 ന് സിബിഐയില്‍നിന്ന് ഇഡി കേസിന്റെ വിശദാംശങ്ങളെടുത്ത് കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തു.

ഓഗസ്റ്റ് 30 ന് ഗാസിയാബാദിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയില്‍ സിബിഐ ഊദ്യോ​ഗസ്ഥർ സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചു. തുടർന്ന് സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ രാജ്യത്തുടനീളം 35 സ്ഥലങ്ങളില്‍ ഇഡിയുടെ റെയ്ഡ്. പിന്നാലെ സെപ്റ്റംബര്‍ 27 ന് എഎപി കമ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജായ മലയാളി വിജയ് നായരെ ഇഡി അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ അറസ്റ്റ് !മൊത്തക്കച്ചവടക്കാര്‍ക്ക് 12% ലാഭവും ചില്ലറ വ്യാപാരികള്‍ക്ക് ഏകദേശം 18.5% ലാഭവും ലഭിക്കുന്ന വിധത്തിലാണ് മദ്യനയം രൂപപ്പെടുത്തിയതെന്നാണ് ഇ ഡിയുടെ വാദം. ഇത് അസാധാരണമായ നിലയിലുള്ള ഉയര്‍ന്ന നിരക്കാണെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നു.

2022 സെപ്റ്റംബര്‍ 28ന് മദ്യവ്യാപാരി സമീര്‍ മഹേന്ദ്രു അറസ്റ്റിലായി. ഒക്ടോബര്‍ 10 ന് ഇടനിലക്കാരന്‍ അഭിഷേക് ബോയിന്‍പള്ളിയെ സിബിഐ അറസ്റ്റ് ചെയ്തു. നവംബര്‍ 24 ന് വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നവംബര്‍ 30 ന് ഗുരുഗ്രാം ആസ്ഥാനമായ ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറും സിസോദിയയുടെ അടുത്ത അനുയായിയുമായ അമിത് അറോറയെ ഇഡി അറസ്റ്റ് ചെയ്തു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെയും ഇഡി അഴിമതിക്കേസില്‍ ഉള്‍പ്പെടുത്തി.

2023 ഫെബ്രുവരി 26ന് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ മനീഷ് സിസോദിയയെയും അറസ്റ്റ് ചെയ്തു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയ,കെജ്രിവാൾ എന്നിവർ കെ കവിതയുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. ഡല്‍ഹി മദ്യ നയത്തിൻ്റെ പേരില്‍ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് അരവിന്ദ് കെജ്രിവാള്‍. മാര്‍ച്ച് 19 ന് അറസ്റ്റില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിക്കുന്നു.

ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയും തുടര്‍ന്ന് ചോദ്യം ചെയ്യലിനൊടുവില്‍ കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി നേരത്തെ അദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് ജാമ്യം അവസാനിച്ച് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ മടങ്ങിയെത്തിയത്. രണ്ടാമതും ജാമ്യം അനുവദിച്ചതിന് ശേഷം, കെജ്രിവാള്‍ ജയില്‍ മോചിതനാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഹൈക്കോടതി ജാമ്യം താത്ക്കാലികമായി സ്റ്റേ ചെയ്തത്.

REPORT : ANURANJANA KRISHNA. S

Top