അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തിരിക്കെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയിലും തന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയ കമലാ ഹാരിസിന് കഴിഞ്ഞതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യുഎസ് തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ‘സ്വിങ് സ്റ്റേറ്റുകള്‍’ എന്ന് വിളിക്കപ്പെടുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിങ്ങനെ നിര്‍ണായകമായ ഏഴോളം സംസ്ഥാനങ്ങളാണ് ഫലത്തെ സ്വാധീനിക്കാറുള്ളത്. അതുകൊണ്ട് തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ അവിടെ പതിനെട്ടടവും പയറ്റി കളത്തിലിറങ്ങിയതും.
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കമലയ്ക്കായി വോട്ടഭ്യര്‍ത്ഥിച്ച് മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ ലിസ് ചെനിക്ക് പുറമേ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ മകള്‍ ബാര്‍ബറയും ഉണ്ടായിരുന്നു. മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, മുന്‍ കോണ്‍ഗ്രസുകാരന്‍ ആദം കിന്‍സിംഗര്‍, അന്തരിച്ച സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ മകന്‍ ജിം എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ റിപ്പബ്ലിക്കന്‍മാരും ഹാരിസിനെ അംഗീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ റിപ്പബ്ലിക്കന്‍ വോട്ടുപിടിത്തം കമലയ്ക്ക് കാര്യമായി ഗുണം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. താഴെത്തട്ടില്‍, കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്.
Also Read: പട്ടിണിക്കിട്ടും, ബോംബെറിഞ്ഞും ഇസ്രയേല്‍ തീർക്കുന്ന ഗാസ ‘നരകം’
പ്രതിപക്ഷ പാര്‍ട്ടിയിലെ വളരെ കുറച്ച് അംഗങ്ങളെ മാത്രമേ അതിര്‍ത്തി കടത്തി കൊണ്ടുവരാന്‍ കമലയ്ക്ക് കഴിഞ്ഞിട്ടുള്ളൂ, എന്നാല്‍ നേടിയ റിപ്പബ്ലിക്കന്‍ വോട്ടുകളേക്കാള്‍ കൂടുതല്‍ ഡെമോക്രാറ്റിക് വോട്ടുകള്‍ കമലയ്ക്ക് നഷ്ടമായി എന്നതാണ് സത്യം. ഒക്ടോബര്‍ 25-ന് പുറത്തുവന്ന സര്‍വേയില്‍ റിപ്പബ്ലിക്കന്‍മാരില്‍ നാല് ശതമാനം കമല ഹാരിസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍, മറുപക്ഷത്ത് അതേ ശതമാനം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് വോട്ട് നല്‍കുമെന്നാണ് വെളിപ്പെടുത്തിയത്. ചുരുക്കി പറഞ്ഞാല്‍ ഹാരിസിന് റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയുള്ളപോലെ ട്രംപിന് ഡെമോക്രാറ്റുകളുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. ഇതോടെ ദശലക്ഷക്കണക്കിന് റിപ്പബ്ലിക്കന്‍മാര്‍ കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്ന പ്രവചനം പ്രതീക്ഷയായി തന്നെ അസ്തമിക്കുമോ എന്ന് കണ്ടറിയണം.
സ്വിംഗ് സ്റ്റേറ്റുകളിലെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കമലാ ഹാരിസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അവിടെയും പെട്ടിയില്‍ വീണേക്കാവുന്ന വോട്ടിന്റെ എണ്ണത്തില്‍ വലിയ അത്ഭുതമൊന്നും സംഭവിക്കാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് നിലവിലെ വിലയിരുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ്/സിയീന സര്‍വേ അനുസരിച്ച്, അരിസോണയില്‍ രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍മാരില്‍ 7 ശതമാനം കമലയെ പിന്തുണയ്ക്കുമ്പോള്‍ 6 ശതമാനം ട്രംപിനെ പിന്തുണയ്ക്കുന്നവരാണ് പെന്‍സില്‍വാനിയയില്‍ ഈ സംഖ്യകള്‍ യഥാക്രമം 12 ശതമാനവും 10 ശതമാനവുമാണ്.
Also Read: അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
നെവാഡയില്‍ രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍മാരില്‍ ഹാരിസിന് 6 ശതമാനവും ഡെമോക്രാറ്റുകളില്‍ 10 ശതമാനവും ട്രംപിന് ലഭിക്കും. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആകെ ലഭിച്ചത് 306 ഇലക്ടറല്‍ വോട്ടുകളായിരുന്നു. മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ തുടങ്ങി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങള്‍ അടക്കം ബൈഡന് പിന്നില്‍ അണിനിരക്കുന്നതായിരുന്നു കാഴ്ച. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന് അന്ന് ലഭിച്ചത് 232 ഇലക്ടറല്‍ വോട്ടുകളായിരുന്നു. ഫ്‌ലോറിഡയും നോര്‍ത്ത് കരോലിനയും പോലുള്ള സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്.
റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്നാലെ കമലാ ഹാരിസ് പായുമ്പോള്‍, പുരോഗമന പക്ഷത്തുള്ള മറ്റു പലരെയും അവര്‍ അകറ്റുകയാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, 12 ശതമാനത്തോളം വരുന്ന പുരോഗമനവാദികളാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടിത്തറ. ഹാരിസിന്റെ വലതുപക്ഷ ചായ്വില്‍ പുരോഗമനവാദികള്‍ അത്ര കണ്ട് സന്തുഷ്ടരല്ല എന്നതും വസ്തുതയാണ്. അമേരിക്കയില്‍ 23 ലക്ഷം ഇന്ത്യന്‍ വംശജര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 55 ശതമാനം ഇന്ത്യന്‍ വംശജരും കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി ഗവേഷണ സ്ഥാപനമായ എ.എ.പി.ഐ.യു പറയുന്നു. 26 ശതമാനം വോട്ടര്‍മാരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നത്.
Also Read: കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു
കാര്‍ണഗി എന്‍ഡോവ്മെന്റിന്റെ സര്‍വേ പ്രകാരം, 61 ശതമാനം ഇന്ത്യന്‍ വംശജര്‍ കമല ഹാരിസിന് വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതായും പറയുന്നു. 32 ശതമാനം വോട്ടര്‍മാര്‍ ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്. സ്ത്രീ വോട്ടര്‍മാരില്‍ 53 ശതമാനവും പിന്തുണയ്ക്കുന്നത് നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസിനെയാണ്. പുരുഷ വോട്ടര്‍മാരില്‍ 67 ശതമാനവും കമലയ്ക്ക് പിന്തുണ നല്‍കുന്നു. അതേസമയം 39 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളും ട്രംപിനെ പിന്തുണയ്ക്കുന്നതായാണ് സര്‍വേ ഫലം. രാജ്യത്തുടനീളമായി സി.എന്‍.എന്‍ സര്‍വേയില്‍ കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും 47 ശതമാനം വീതം വോട്ടുകള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നും പറയുന്നു.
പ്രചാരണ പരിപാടിയിലുടനീളം കമലയ്ക്കതിരെ ട്രംപ് നടത്താറുള്ള വാവിട്ടുപോയ പല പരാമര്‍ശങ്ങളും ട്രംപ് ക്യാമ്പിന് തിരിച്ചടിയായിട്ടുണ്ടെങ്കിലും അതെല്ലാം തന്റെ പെട്ടിയിലേക്കാക്കാനുള്ള നീക്കങ്ങള്‍ കമലയും കൂട്ടരും നടത്തിയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുടെ വോട്ട് ഏറെക്കുറെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നഷ്ടമായ അവസ്ഥയാണ് നിലവിലുള്ളതും. ഈ സാധ്യതകളെല്ലാം അന്തിമഫലത്തില്‍ എങ്ങനെ സ്വാധീനം സൃഷ്ടിക്കുമെന്ന് കണ്ടറിയുക തന്നെ വേണം.