ലണ്ടൻ: ഏറ്റവും കൂടുതൽ ചൂടേറിയ വർഷമായി 2024 മാറാന്‍ സാധ്യതയേറെയെന്ന് യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസ്. വ്യവസായിക ലോകത്തിനുമുമ്പുള്ള ശരാശരിയെ അപേക്ഷിച്ച് ആദ്യമായി ഈ വർഷം ചൂട് 1.5 ഡിഗ്രി സെൽഷ്യസിലധികം (2.7 ഡിഗ്രി ഫാരൻഹീറ്റ്) എത്തിയെന്നും ഏജൻസിയായ ‘കോപ്പർനിക്കസ്’ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ ചൂട് സംഭാവന ചെയ്യുന്ന ഘടകങ്ങളിൽ എൽ നിനോ പ്രതിഭാസവും ഉൾപ്പെടുന്നുണ്ട്. പസഫിക്ക് ഭാഗങ്ങളിലെ ആപേക്ഷിക താപനം കൂടാതെ അഗ്നിപർവ്വത സ്ഫോടനങ്ങളും സൂര്യനിൽനിന്നുള്ള ഊർജത്തിലെ വ്യതിയാനങ്ങളും ചൂട് കൂടാൻ കാരണമാണ്. ‘എൽ നിനോ’ പോലെയുള്ള പ്രതിഭാസങ്ങൾ കൊണ്ടല്ലാത്ത, താപനിലയിലെ വർധനവ് വളരെ മോശം സൂചനയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Also Read: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; പരിഭ്രാന്തി സൃഷ്ടിച്ച് യാത്രികൻ
ഈ വർഷത്തെ ഏറ്റവും കൂടുതൽ ചൂടായ 1.5 ഡിഗ്രി സെൽഷ്യസ് മറികടക്കുക എന്നത് അതീവ പ്രധാനമാണ്. അസർബൈജാനിൽ നവംബർ 11 മുതൽ 22 വരെ നടക്കുന്ന വാർഷിക യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ രാജ്യങ്ങൾ ആഭ്യന്തരമായി തീരുമാനങ്ങൾ എടുക്കുമെന്ന് കരുതുന്നുവെന്ന് കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. തീരുമാനം വ്യക്തമായും നമ്മുടേതാണ്. എടുക്കുന്ന തീരുമാനങ്ങൾ തെളിവുകളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണെങ്കിൽ കൂടുതൽ മികച്ചതാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഉഷ്ണതരംഗങ്ങളും മറ്റ് പ്രശ്നങ്ങളും മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് കോർണൽ യൂണിവേഴ്സിറ്റിയിലെ എർത്ത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ് ചെയർ നതാലി മഹോവാൾഡ് പറഞ്ഞത്. കോപ്പർനിക്കസിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്ന് ഇൻഡ്യാന സ്റ്റേറ്റ് ക്ലൈമറ്റോളജിസ്റ്റ് ബെത്ത് ഹാൾ പറഞ്ഞു. എന്നാൽ, കാലാവസ്ഥ മാറുന്നത് ഒരു ആഗോള പ്രശ്നമാണെന്ന് ആളുകൾ ഓർമിക്കണമെന്നും ബെത്ത് ഹാൾ മുന്നറിയിപ്പ് നൽകി.