രാജ്യത്തെ പ്രമുഖ എൻ.ഐ.ടികൾ, ഐ.ഐ.ഐടികൾ, കേന്ദ്രഫണ്ടോടുകൂടി പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവ 2025-26 അധ്യയനവർഷത്തിൽ നടത്തുന്ന ബി.ഇ/ബി.ടെക്, ബി.ആർക്, ബി പ്ലാനിങ് റഗുലർ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) (ജെ.ഇ.ഇ മെയിൻ-2025) രണ്ട് സെഷനുകളായി നടത്തും. ആദ്യ സെഷൻ ജനുവരി 22-31 വരെയും രണ്ടാമത്തെ പരീക്ഷ ഏപ്രിലിലും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണ്. ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാനുള്ള യോഗ്യതാ പരീക്ഷ കൂടിയാണ് ജെ.ഇ.ഇ മെയിൻ. നിലവിൽ കേരളത്തിൽ 17 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ബി.ആർക് പ്രവേശനത്തിനായുള്ള പേപ്പർ രണ്ട് എയിൽ മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാവും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് പേപ്പറുകളാണ്. ഒന്നിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലായി 75 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടാവും. ഇതിൽ യോഗ്യത നേടുന്നവർക്ക് ബി.ഇ/ബി.ടെക് പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. ആകെ 77 മാർക്ക്. ഡ്രോയിങ് ടെസ്റ്റ് പെൻ ആൻഡ് പേപ്പർ അധിഷ്ഠിതവും മറ്റ് രണ്ട് ഭാഗങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിതവുമാണ്.
ഉത്തരം തെറ്റിയാൽ നെഗറ്റിവ് മാർക്കിങ് രീതിയുണ്ട്. പരീക്ഷാഘടനയും സിലബസും https://jeemain.nta.nic.inൽ ലഭിക്കും. മലയാളം, ഉർദു, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിലാണ് പരീക്ഷ. ബി പ്ലാനിങ് പ്രവേശനത്തിനായുള്ള പേപ്പർ രണ്ട് ബി പരീക്ഷയിൽ മാത്തമാറ്റിക്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പ്ലാനിങ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാവും. ആകെ 100 മാർക്ക്. ഉച്ചക്കുശേഷം മൂന്നു മുതൽ ആറു മണി വരെയാണ് സമയം. മറ്റ് രണ്ട് പേപ്പറുകളും രാവിലെ ഒമ്പത് മുതൽ 12 മണി വരെയും ഉച്ചക്കുശേഷം മൂന്നു മുതൽ ആറു മണി വരെ രണ്ട് ഷിഫ്റ്റുകളായാണ് നടത്തുന്നത്.
Also Read : അറിയാം സർവകലാശാല വാർത്തകൾ
ആദ്യ സെഷൻ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ പങ്കെടുക്കുന്നതിന് നവംബർ 22 രാത്രി ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിലിൽ നടക്കുന്ന രണ്ടാം സെഷന് ഇതേ അപേക്ഷാ നമ്പർ ഉപയോഗിച്ച് വീണ്ടും രജിസ്റ്റർ ചെയ്യണം.ഇതിന്റെ വിജ്ഞാപനം പിന്നീട് വരും.
അപേക്ഷ/പരീക്ഷാഫീസ്, നിർദേശങ്ങൾ അടക്കമുള്ള വിവരണപത്രിക വെബ്സൈറ്റിൽ. അന്വേഷണങ്ങൾക്ക് ഇ-മെയിൽ jeemain@nta.ac.in. ഹെൽപ് ലൈൻ നമ്പർ +91-11-40759000/011-69227700. ഫലം ഫെബ്രുവരി 12ന് പ്രസിദ്ധപ്പെടുത്തും
Also Read : കണ്ണൂർ സർവകലാശാലയിൽ 32 ഒഴിവുകൾ
യോഗ്യത
ശാസ്ത്ര വിഷയങ്ങളടക്കം പ്ലസ്ടു/തത്തുല്യ പരീക്ഷ 2023, 2024 വർഷങ്ങളിൽ വിജയിച്ചിട്ടുള്ളവർക്കും 2025ൽ ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. അംഗീകൃത ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും.
ബി.ആർക് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചാൽ മതി. മാത്തമാറ്റിക്സ് നിർബന്ധ വിഷയമായി പഠിച്ച് മൊത്തം 45 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം.
എന്നാൽ എൻ.ഐ.ടി, ഐ.ഐ.ഐ.ടികളിലും മറ്റും ബി.ടെക് പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ 75 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി വിഭാഗത്തിന് 65 ശതമാനം മതി) കുറയാതെ വിജയിച്ചിരിക്കണമെന്നുണ്ട്. ഫിസിക്സ്, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങളായും കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ/വൊക്കേഷനൽ വിഷയങ്ങളിലൊന്നുകൂടിയും പ്ലസ്ടുതലത്തിൽ പഠിച്ചിരിക്കണം.
Also Read : പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്ത്താൻ ജനപങ്കാളിത്തതോടെ പദ്ധതി
ബി പ്ലാനിങ് കോഴ്സിലേക്ക് മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസാകണം. മാത്തമാറ്റിക്സിലും പ്ലസ്ടുവിന് മൊത്തത്തിലും 50 ശതമാനം മാർക്കിൽ കുറയാതെയും ഉണ്ടാകണം. ജെ.ഇ.ഇ മെയിൻ 2025 റാങ്കടിസ്ഥാനത്തിൽ ‘ജോസ’ കൗൺസലിങ് വഴിയാണ് പ്രവേശനം. സീറ്റ് അലോക്കേഷൻ/കൗൺസലിങ് പ്രവേശന നടപടികൾ വിവരണ പത്രികയിലുണ്ട്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025ൽ പങ്കെടുക്കുന്നതിന് ജെ.ഇ.ഇ മെയിനിൽ ഉയർന്ന റാങ്ക് നേടുന്ന രണ്ടരലക്ഷം പേർക്കാണ് അവസരം ലഭിക്കുക. ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കടിസ്ഥാനത്തിലാണ് ഐ.ഐ.ടികളിലെ ബി.ടെക്/ഡ്യുവൽഡിഗ്രി എം.ടെക് മുതലായ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. (വിവരങ്ങൾ https://jeeadv.ac.inൽ).
Also Read :പിഎം ഇന്റേൺഷിപിന് കേരളത്തിൽ 3000 അവസരങ്ങൾ; അപേക്ഷ നവംബർ ആദ്യവാരം വരെ
കേരളത്തിലെ ജെ.ഇ.ഇ മെയിൻ പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്, പയ്യന്നൂർ, ആലപ്പുഴ, ചെങ്ങന്നൂർ, എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, ലക്ഷദ്വീപിൽ കവരത്തി എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷാഫീസ്: ബി.ഇ/ബി.ടെക് അല്ലെങ്കിൽ ബി.ആർക് അല്ലെങ്കിൽ ബി.പ്ലാനിങ്. ജനറൽ-പുരുഷന്മാർ 1000 രൂപ, വനിതകൾ 800. ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ പുരുഷന്മാർ 900, വനിതകൾ 800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/തേർഡ് ജൻഡർ 500 രൂപ.