CMDRF

2034 ലോകകപ്പ് ഫുട്ബാൾ സൗദിയിലെ അഞ്ച് നഗരങ്ങളിൽ; ഉദ്ഘാടനവും ഫൈനലും റിയാദ് കിങ് സൽമാൻ സ്റ്റേഡിയത്തിൽ

2034 ലോകകപ്പ് ഫുട്ബാൾ സൗദിയിലെ അഞ്ച് നഗരങ്ങളിൽ; ഉദ്ഘാടനവും ഫൈനലും റിയാദ് കിങ് സൽമാൻ സ്റ്റേഡിയത്തിൽ
2034 ലോകകപ്പ് ഫുട്ബാൾ സൗദിയിലെ അഞ്ച് നഗരങ്ങളിൽ; ഉദ്ഘാടനവും ഫൈനലും റിയാദ് കിങ് സൽമാൻ സ്റ്റേഡിയത്തിൽ

റിയാദ്: ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് സൗദി അറേബ്യയിൽ നടത്തുന്നതിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തി. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് സൗദി അറേബ്യായിലെ അഞ്ച് നഗരങ്ങളിലായാണ് നടക്കുക. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ അഞ്ച് നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിനായി ഉപയോഗിക്കുക ഈ നഗരങ്ങളിൽ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ 15 സ്റ്റേഡിയങ്ങളാണ്. 11 സ്റ്റേഡിയങ്ങളാണ് ഇനി പുതുതായി നിർമിക്കുക.

ഇക്കൂട്ടത്തിൽ തന്നെ ഏറ്റവും സുപ്രധാനമായ വേദി റിയാദിൽ പുതുതായി നിർമിക്കുന്ന കിങ് സൽമാൻ സ്റ്റേഡിയമാണ്. 92,000-ലധികം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കിങ് സൽമാൻ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങും ആദ്യ മത്സരവും ഫൈനൽ മത്സരവും നടക്കുക. സൗദി ദേശീയ ടീമിന്റെ ആസ്ഥാനം കൂടിയായിരിക്കും ഈ സ്റ്റേഡിയം. മത്സരങ്ങൾ നടക്കുന്ന 15 സ്റ്റേഡിയങ്ങളിൽ എട്ടെണ്ണവും റിയാദിലായിരിക്കും.

റിയാദ് നഗരത്തിന് സമീപമുള്ള ഖിദ്ദിയയിൽ നിർമിക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും, റിയാദിലെ കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയവും ഭാവിയിൽ മത്സരത്തിന് വേദിയാകും. ബഗ്ലഫിലുള്ള കിങ് ഫഹദ് സ്റ്റേഡിയം ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി വികസിപ്പിക്കുകയും അതിന്റെ ശേഷി 70,000 ഇരിപ്പിടങ്ങളായി വർധിപ്പിക്കുകയും ചെയ്യും.

ജിദ്ദ നഗരത്തിൽ ചരിത്രപ്രസിദ്ധമായ ജിദ്ദ അൽബലദ് മേഖലയുടെ പൈതൃകം ഉൾക്കൊണ്ട് മരയുരുപ്പടി വാസ്തുവിദ്യാ ശൈലിയിൽ നിർമിക്കുന്ന ‘ഡൗൺടൗൺ ജിദ്ദ സ്റ്റേഡിയമാണ്’ഒരു ടൂർണമെൻറ് വേദി. ചെങ്കടലിലെ അതിശയകരമായ പവിഴപ്പുറ്റുകളുടെ ആകൃതിയിൽ നിർമിച്ചിട്ടുള്ള കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കോസ്റ്റൽ സ്റ്റേഡിയവും ജിദ്ദയിലെ തന്നെ മറ്റൊരു വേദിയാവും. കിഴക്കൻ പ്രവിശ്യയിലെ അൽഖോബാർ നഗരത്തിൽ അറേബ്യൻ ഗൾഫ് തീരത്തുള്ള അരാംകോ സ്റ്റേഡിയമാണ് മത്സര വേദി.

അബഹയിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം 45,000ലധികം കാണികളായി ശേഷി വർധിപ്പിച്ച് ഇനി ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി കണക്കാക്കുന്ന നിയോം സ്റ്റേഡിയമായിരിക്കും സൗദി വടക്കൻ മേഖലയിലെ ലോകകപ്പ് വേദി. ഫുട്ബാൾ ലോകകപ്പിന് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് എത്തുന്നവർക്ക് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2,30,000ലധികം ഹോട്ടൽ മുറികൾ ഒരുക്കുമെന്നും വിശദാംശങ്ങളിൽ വ്യക്തമാക്കുന്നു. അഞ്ച് നഗരങ്ങളിലായി ഒരുക്കുന്ന ഈ താമസസൗകര്യം വി.ഐ.പികൾ, ഇൻറർനാഷനൽ ഫെഡറേഷൻ ഡെലിഗേഷനുകൾ ഉൾപ്പെടെ വിവിധ ടീമുകൾ, മാധ്യമപ്രവർത്തകർ, കാണികൾ എന്നിവർക്കും വേണ്ടിയാണ്.

കൂടാതെ കളിക്കാർക്കായി 132 പരിശീലന കേന്ദ്രങ്ങൾ ഒരുക്കും. പരിശീലന ക്യാമ്പുകൾ 72 സ്റ്റേഡിയങ്ങളിലായാണ് സജ്ജീകരിക്കുക. അതേസമയം റഫറിമാർക്ക് രണ്ട് പരിശീലന കേന്ദ്രങ്ങളുമുണ്ടാവും. ടൂർണമെൻറിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങൾക്കും രാജ്യത്തെ 15 നഗരങ്ങളിലായാണ് ആതിഥേയത്വത്തിനുള്ള സൗകര്യമൊരുക്കുക. ഈ നഗരങ്ങളിൽ ‘ഫിഫ ഫാൻ ഫെസ്റ്റിവൽ വില്ലേജുകളും’ അതിനോടൊപ്പം തയ്യാറാക്കും. ഓരോ നഗരത്തിലും ഫിഫ തന്നെ ഇതിനായി ഓരോ സ്ഥലങ്ങൾ തെരഞ്ഞെടുക്കും.

Top