മാഡ്രിഡ്: നിരവധി നാശനഷ്ടങ്ങളുണ്ടാക്കിയ സ്‌പെയിനിലെ പ്രളയത്തില്‍ 205 മരണം ആയി. നിരവധി പേരെ കാണാതായി. വലന്‍സിയ നഗരത്തിലാണ് മരണങ്ങളേറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. വെള്ളം ഒഴുകിപ്പോയ ശേഷം സ്‌പെയിനില്‍ പല ഭാഗത്തും തകര്‍ന്ന കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുകയാണ്. സുനാമിക്ക് ശേഷം കണ്ട ഏറ്റവും വലിയ ദുരന്തത്തെയാണ് സ്‌പെയിന്‍ ഇപ്പോള്‍ നേരിടുന്നത്.
എത്ര പേരെ കാണാതായെന്നോ, എത്ര പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നോ കൃത്യമായ വിവരം അധികൃതരുടെ പക്കലില്ല. പൊലീസും സൈന്യവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ദുരന്തബാധിതര്‍ക്കം അവശ്യവസ്തുക്കളൊന്നും ഇല്ലാത്ത സ്ഥിതിയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക ഭരണകൂടങ്ങളും കൂട്ടായ്മകളും റെഡ് ക്രോസും രംഗത്തുണ്ട്.
Also Read: അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
സ്‌പെയിനില്‍ മെഡിറ്ററേനിയന്‍ തീരത്ത് കൊടുങ്കാറ്റ് വീശുന്നത് പതിവാണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി പറയുന്നത്. രണ്ട് വര്‍ഷത്തോളം മഴ കിട്ടാതെ കൊടും വരള്‍ച്ചയെ നേരിട്ട രാജ്യത്ത് പെട്ടെന്ന് മഴ പെയ്തപ്പോള്‍ ഭൂമിക്ക് വെള്ളം വേഗത്തില്‍ വലിച്ചെടുക്കാനായില്ലെന്നും വിദഗ്ദ്ധര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.