20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സാഹിത്യ പുരസ്‌കാരം, അടൂര്‍ ഗോപാലകൃഷ്ണന്

20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സാഹിത്യ പുരസ്‌കാരം, അടൂര്‍ ഗോപാലകൃഷ്ണന്
20ാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സാഹിത്യ പുരസ്‌കാരം, അടൂര്‍ ഗോപാലകൃഷ്ണന്

കേശവദേവ് സാഹിത്യ-ഡയാബസ്‌ക്രീന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്ണനാണ് പി. കേശവദേവ് സാഹിത്യ പുരസ്‌കാരം. അന്‍പതിനായിരം രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യകാരന്‍ പി കേശവദേവിന്റെ പേരിലുള്ള പുരസ്‌കാരങ്ങള്‍ ആണ് കേശവദേവ് സാഹിത്യ-ഡയാബസ്‌ക്രീന്‍.

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്തു തിളങ്ങി നില്‍ക്കുന്ന അതുല്യപ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. പതിനൊന്ന് ഫീച്ചര്‍ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും തിരക്കഥയെഴുതി സംവിധാനം ചെയ്തു. ആദ്യ ചിത്രമായ ‘സ്വയംവര’ത്തിലൂടെ 1970-കളില്‍ മലയാളചലച്ചിത്ര രംഗത്തില്‍ ഒരു പുതിയ തരംഗത്തിനു തുടക്കമിട്ടു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകള്‍, അനന്തരം, വിധേയന്‍, കഥാപുരുഷന്‍ എന്നിവ അടൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഇന്ത്യന്‍ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാജ്യം നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

മനഃശാസ്ത്രജ്ഞന്‍, ഡോ.സി ജെ ജോണിനാണ് ഈ വര്‍ഷത്തെ കേശവദേവ് ഡയാബസ്‌ക്രീന്‍ കേരള പുരസ്‌കാരം വിവിധ മാധ്യമങ്ങളിലൂടെ, ശാസ്ത്ര വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യവിദ്യാഭ്യാസം വര്‍ഷങ്ങളായി നല്‍കി തുടര്‍ന്നുവരുന്നതിനാണ് ഈ പുരസ്‌കാരം. ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ആവിഷ്‌കാരത്തിലൂടെ മലയാള സാഹിത്യത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപിച്ച വിപ്ലവകാരിയും മനുഷ്യസ്‌നേഹിയുമായ പി.കേശവദേവിന്റെ പേരില്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി നല്‍കിവരുന്ന പുരസ്‌കാരങ്ങളാണ് കേശവദേവ് സാഹിത്യ-ഡയാബസ്‌ക്രീന്‍ പുരസ്‌കാരങ്ങള്‍.

ജൂണ്‍ 12ന് വൈകിട്ട് തിരുവനന്തപുരം മുടവന്‍മുകളിലുള്ള പി.കേശവദേവ് ഹാളില്‍ വച്ച് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ്, മാനേജിങ് ട്രസ്റ്റി, ഡോ.ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാര കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഡോ.ജോര്‍ജ് ഓണക്കൂര്‍, ആരോഗ്യ-വിദ്യാഭ്യാസ പുരസ്‌കാര കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ഡോ.ബാലഗോപാല്‍ പി ജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Top