തിരുവനന്തപുരം: ഗുണ്ടാ അക്രമണങ്ങളുടെ കണക്ക് സഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി. പിണറായി സര്‍ക്കാരിന്റെ കാലത്തെ കേസുകളുടെ കണക്കാണ് സഭയില്‍ അവതരിപ്പിച്ചത്. 212 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 32 പേര്‍ കൊല്ലപ്പെട്ടതായും നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നു. എ പി അനില്‍കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു രേഖ സഹിതം മുഖ്യമന്ത്രിയുടെ മറുപടി.
2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നാളിതുവരെ 212 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം ഗുണ്ടാ ആക്രമങ്ങളില്‍ മരിച്ചത് 20 പേരെന്നാണ് സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. 122 പേര്‍ക്ക് ഈ കാലയളവില്‍ ആക്രമണത്തില്‍ പരിക്കേറ്റു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ ഗുണ്ടാ ആക്രമണത്തില്‍ മരിച്ചത് 12 പേരാണ്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 96 എണ്ണവും. 104 പേര്‍ക്ക് പരിക്ക് പറ്റിയതായും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. എല്ലാ കേസുകളിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി തീര്‍പ്പാക്കിയ കേസുകളില്‍ 28 പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഗുണ്ടാ അക്രമണങ്ങള്‍ പെരുകിയതിന് പിന്നാലെ പൊലീസ് പരിശോധന ശക്തമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.