7 വർഷത്തിനിടെ കേരളത്തില്‍ റിപ്പോർട്ട് ചെയ്തത് 2,239 ഉരുള്‍പൊട്ടലുകൾ

നദീതീര ആവാസവ്യവസ്ഥക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്

7 വർഷത്തിനിടെ കേരളത്തില്‍ റിപ്പോർട്ട് ചെയ്തത് 2,239 ഉരുള്‍പൊട്ടലുകൾ
7 വർഷത്തിനിടെ കേരളത്തില്‍ റിപ്പോർട്ട് ചെയ്തത് 2,239 ഉരുള്‍പൊട്ടലുകൾ

കോഴിക്കോട് : കേരളം ഉരുള്‍പൊട്ടല്‍ ബാധിത സംസ്ഥാനമായി മാറിയിരിക്കുന്നു എന്ന വസ്തുതയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2015-നും 2022-നും ഇടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,782 ഉരുള്‍പൊട്ടലില്‍ 2,239 എണ്ണവും കേരളത്തില്‍ ആണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും ജൈവവ്യവസ്ഥകളും സംബന്ധിച്ച് ട്രാൻസിഷന്‍ സ്റ്റഡീസിലെ സ്മിത പി. കുമാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ജൈവവൈവിധ്യത്തിന്റെ ഹോട്ട് സ്പോട്ട് ആയ പശ്ചിമഘട്ട മേഖലയിലാണ് കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ നടന്നിരിക്കുന്നത്. 2018 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 209 ഉരുള്‍പൊട്ടലുകളാണ് കേരളത്തിലെ വിവിധ ഫോറസ്റ്റ് ഡിവിഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന ദുരന്തനാന്തര പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Also Read: 108 ആംബുലൻസിന് 40 കോടി രൂപ അനുവദിച്ചു

പി.ഡി.എൻ.എ (Post Disaster Needs Assessment Floods and Landslides – August 2018) പ്രകാരം വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുറിച്യര്‍ മലയിലാണ്. ഉയര്‍ന്ന ജൈവവൈവിധ്യ മേഖലയായി കണക്കാക്കപ്പെടുന്ന സ്ഥലം കൂടിയാണ് ഇത്. നദീതീര ആവാസവ്യവസ്ഥക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്.

ചാലക്കുടിപ്പുഴ ഭാഗത്തെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ആറ്റു ചാമ്പ(Syzigium occidentale), നീര്‍പേഴ് (Barringtonia acutangula), ഇലിപ്പ-ആറ്റിലിപ്പ (Madhuca neriifolia), ഒറ്റ അഥവാ ഓട (Ochlandra scriptoria) തുടങ്ങിയ പ്രബലമായ സ്പീഷീസുകളുള്ള പ്രദേശങ്ങളിലെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി കേരള വനഗവേഷണ കേന്ദ്രം(കെ.എഫ്.ആർ.ഐ) റിപ്പോര്‍ട്ട് പറയുന്നു.

Top