കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായി: ജ്യോതിർമഠം ശങ്കരാചാര്യൻ

കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായി: ജ്യോതിർമഠം ശങ്കരാചാര്യൻ
കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായി: ജ്യോതിർമഠം ശങ്കരാചാര്യൻ

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്ത കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായി. ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യൻ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി രംഗത്ത്. വലിയ സ്വർണ തട്ടിപ്പുകളാണ് നടക്കുന്നതെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാർ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേദാർനാഥിൽ നിന്ന് നഷ്ടപ്പെട്ട സ്വർണത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ചോദ്യം ചോദിക്കാത്തത് . ഇവിടെയുള്ള അഴിമതിക്ക് പിന്നാലെ ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുകയാണ്. അവിടെയും മറ്റൊരു അഴിമതിക്ക് വഴിതെളിയുകയാണ്. ഇപ്പോൾ 228 കിലോ സ്വർണമാണ് കേദാർനാഥിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോൾ അവർ പറയുന്നു, ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ല- സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി വാർത്താ ഏജൻസിയോട് പറഞ്ഞു.

അതെ സമയം ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുന്നതിനായി തറക്കല്ലിട്ടിരുന്നു. ഇതിനെതിരേ പ്രതിഷേധവും ശക്തമായിരുന്നു. ഇതിനിടെയാണ് കേദാർനാഥിൽ നിന്ന് 228 കിലോ സ്വർണം കാണാതായി എന്ന ഗുരുതര ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യൻ രംഗത്തെത്തിയിരിക്കുന്നത്.

ഡൽഹിയിൽ കേദാർനാഥ് മാതൃകയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

Top