ഗുജറാത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടെ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

ഗുജറാത്തില്‍ ക്രിക്കറ്റ് മത്സരത്തിനിടെ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊല്ലുകയായിരുന്നു. ടൂര്‍ണമെന്റില്‍ കളിച്ചിരുന്നവരില്‍ ഭൂരിഭാഗം പേരും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു എന്നതും ഇവര്‍ നന്നായി കളിച്ചതുമാണ് ഹിന്ദുത്വവാദികളുടെ പ്രകോപനത്തിന് കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 22 ന് ആനന്ദ് ജില്ലയിലെ ചിഖോദര ഗ്രാമത്തില്‍ രാത്രി 11.30നാണ് സംഭവം. സല്‍മാന്‍ വോറ എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഒരു സംഘം ആളുകള്‍ സല്‍മാനുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് അക്രമാസക്തരായ സംഘം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സല്‍മാനെ കൂടാതെ മറ്റ് രണ്ട് മുസ്ലീം യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ ഭൂരിഭാഗം പേരും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരായത് കൊണ്ട് മത്സരത്തിന് മുമ്പുതന്നെ സംഘര്‍ഷം ആരംഭിച്ചിരുന്നു. അവര്‍ നന്നായി കളിക്കുന്നത് പ്രദേശവാസികളില്‍ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇതുമൂലം വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയതായും ഇതിനെ തുടര്‍ന്ന് നിരവധി മുസ്ലീം യുവാക്കള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ ഭയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മത്സര ദിവസം മോട്ടോര്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സല്‍മാനുമായി ഒരു സംഘം ആളുകള്‍ വഴക്കുണ്ടാക്കി. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, അവര്‍ കൂടുതല്‍ ആളുകളുമായി മടങ്ങിയെത്തി.

സല്‍മാനാണെന്ന് തെറ്റിദ്ധരിച്ച് സുഹൈലിനെ ആക്രമിക്കാന്‍ തുടങ്ങി. സുഹൈലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, ജനക്കൂട്ടം സല്‍മാനെ വളയുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍, ചിലര്‍ അവനെ തല്ലാന്‍ ആക്രോശിച്ച് അക്രമികളെ പ്രോത്സാഹിപ്പിക്കുന്നത് കേള്‍ക്കാം.

തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് സല്‍മാനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സല്‍മാനെ മുളവടികളും ക്രിക്കറ്റ് ബാറ്റുകളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തതായി ആനന്ദ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ കെ പഞ്ചാല്‍ പറഞ്ഞു.

കത്തി വൃക്കയില്‍ കയറിയതാണ് മരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മാരകായുധം ഉപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കല്‍ അടക്കം ഐപിസിയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Top