മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ സ്ഥാപിച്ച ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ ശിൽപിയും കരാറുകാരനുമായ 24 കാരൻ ജയദീപ് ആപ്‌തെ അറസ്റ്റിൽ. ആഗസ്റ്റ് 26നാണ് പ്രതിമ തകർന്നത്. മോദി ഉദ്ഘാടനം ചെയ്ത് ഒമ്പത് മാസത്തിനുള്ളിലാണ് പ്രതിമ തകർന്നത്. അന്ന് മുതൽ പൊലിസ് ഇയാളെ അന്വേഷിക്കുകയാണ്. ബുധനാഴ്ച രാത്രി താനെ ജില്ലയിലെ കല്യാണിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാളെ അന്വേഷിക്കുന്നതിനായി ഏഴു സംഘങ്ങൾ രൂപീകരിച്ചു. സ്ട്രക്ചറൽ കൺസൾട്ടന്‍റ് ചേതൻ പാട്ടീലിനെ കഴിഞ്ഞയാഴ്ച കോലാപൂരിൽ വെച്ച് പിടികൂടിയിരുന്നു. ആപ്‌തെക്കും പാട്ടീലിനും എതിരെ അശ്രദ്ധക്കും മറ്റ് കുറ്റങ്ങൾക്കുമാണ് കേസെടുത്തത്.
Also Read: മൃഗമേളയിൽ ‘ഓദൻ’ എരുമ വിറ്റുപോയത് ഏഴു ലക്ഷത്തിലധികം രൂപക്ക്
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായെത്തിയതോടെ സംഭവം സുപ്രധാന രാഷ്ട്രീയ വിവാദത്തിന് കാരണമായി. സർക്കാരിനെ വിമർശിച്ചവർ വായ അടക്കണമെന്നും ജയദീപ് ആപ്‌തെയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കുറച്ച് സമയമെടുത്തെങ്കിലും തങ്ങൾ ഒരു ക്രെഡിറ്റും എടുക്കുന്നില്ലെന്നും അറസ്റ്റിനോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് പ്രവീൺ ദാരേക്കർ പറഞ്ഞു