CMDRF

കുവൈത്തിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു; കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു

കുവൈത്തിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു; കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു
കുവൈത്തിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു; കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു. ഇതിലുൾപ്പെട്ട കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. ഇതിൽ‌ 7 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാം.

കുവൈത്തിലെ മംഗഫിൽ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണു തന്റെ മനസ്സെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവരുടെ ആരോഗ്യം എത്രയും വേഗം മെച്ചപ്പെടുന്നതിനായി താൻ പ്രാർഥിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാഹചര്യങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസി നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‍ഫോമിലൂടെ അറിയിച്ചു.

മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

Top