CMDRF

കേരളത്തില്‍ തുടരുന്ന ഉഷ്ണ തരംഗത്തിലും കൊടുംചൂടിലും 257 കോടിയുടെ കൃഷിനാശമുണ്ടായി: പി പ്രസാദ്

കേരളത്തില്‍ തുടരുന്ന ഉഷ്ണ തരംഗത്തിലും കൊടുംചൂടിലും 257 കോടിയുടെ കൃഷിനാശമുണ്ടായി: പി പ്രസാദ്
കേരളത്തില്‍ തുടരുന്ന ഉഷ്ണ തരംഗത്തിലും കൊടുംചൂടിലും 257 കോടിയുടെ കൃഷിനാശമുണ്ടായി: പി പ്രസാദ്

തിരുവനന്തപുരം: കേരളത്തില്‍ തുടരുന്ന ഉഷ്ണ തരംഗത്തിലും കൊടുംചൂടിലും 257 കോടിയുടെ കൃഷിനാശമുണ്ടായതായി സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. 60,000 കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചതായും മന്ത്രി പറഞ്ഞു. വേനല്‍ മഴ വേണ്ട രീതിയില്‍ ലഭ്യമാവാത്തതും കീട ബാധ കൂടിയതും വിളവ് കുറയാന്‍ കാരണമായെന്നും വെള്ളത്തിന്റെ ലഭ്യത കുറവ് നെല്ല് ഉല്പാദനത്തെ ബാധിച്ചതായും മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യം മറികടക്കാന്‍ കേന്ദ്ര സഹായം തേടുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ചൂട് മൂലമുള്ള കൃഷി നാശമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇടുക്കി, പാലക്കാട്, വായനാട് ജില്ലകളിലാണ് വ്യാപക നാശം സംഭവിച്ചതെന്നും ചില മേഖലകള്‍ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കൃഷി വകുപ്പ് ശുപാര്‍ശ നല്‍കിയതായും മന്ത്രി പറഞ്ഞു.

‘നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ട് തയ്യാറാക്കും. ഉദ്യോഗസ്ഥ സംഘത്തെ ഡല്‍ഹിയിലേക്ക് അയച്ച് കേരളത്തിലെ സ്ഥിതിഗതികള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തും’ പി പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും മന്ത്രി പങ്കുവെച്ചു. ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഴയ മാനദണ്ഡങ്ങള്‍ മാറ്റണമെന്നും വരള്‍ച്ചാ ബാധിത പ്രദേശമായി കണക്കാക്കി കൂടുതല്‍ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top