ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ ഇന്ത്യൻ പിതാവെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരാളാണ് എസ് എസ് രാജമൗലി. തെലുങ്ക് സിനിമയുടെ തലവര തന്നെ മാറ്റിയ സംവിധായകൻ. ബാഹുബലി: ദി ബിഗിനിംഗ് എന്ന സിനിമ ഭാഷാഭേദമില്ലാതെ ഇന്ത്യയൊട്ടാകെ ഏറ്റെടുക്കുകയായിരുന്നു സിനിമ പ്രേമികൾ. പാൻ ഇന്ത്യൻ എന്ന ടാഗ് ജനപ്രിയമാക്കിയ രാജമൗലിയുടെ ബാഹുബലി പാത പിന്തുടർന്ന് മറ്റ് നിരവധി ചിത്രങ്ങളും രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരിലേക്ക് പിന്നീട് എത്തി. ഏറെ താൽപര്യത്തോടെയാണ് ഇന്ന് ഉത്തരേന്ത്യൻ പ്രേക്ഷകർ ദക്ഷിണേന്ത്യൻ സിനിമകളെ നോക്കിക്കാണുന്നത്. എന്നാൽ ഇപ്പോഴിതാ പ്രഭാസ് നായകനായ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രത്തിൻറെ ഒരു ബോക്സ് ഓഫീസ് കണക്ക് ലോക ശ്രദ്ധ നേടുകയാണ്.
പുതിയ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് വാർത്തയാവുന്നത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ആർആർആറിനെ മറികടന്ന് കൽക്കി തെന്നിന്ത്യൻ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകൾ നേടുന്ന കളക്ഷനിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കൽക്കി.കൽക്കിയുടെ ഹിന്ദി പതിപ്പ് 24 ദിവസം കൊണ്ട് 271 കോടി ആയിരുന്നു നേടിയത്. ഞായറാഴ്ച കൂടി പിന്നിട്ടതോടെ ആർആർആറിനെ മറികടന്നു ചിത്രം മുന്നോട്ടു പോകുകയാണ്. ആർആർആറിൻറെ ഹിന്ദി പതിപ്പിൻറെ നേട്ടം 272.80 കോടി ആയിരുന്നു.
അതേസമയം ഈ ലിസ്റ്റിൽ ഒന്നാമത് ഒരു രാജമൗലി ചിത്രം തന്നെയാണ്. ബാഹുബലി 2 ആണ് അത്. ബാഹുബലി 2 ൻറെ ഹിന്ദി പതിപ്പ് നേടിയ നെറ്റ് കളക്ഷൻ 511 കോടിയാണ്.
അതേസമയം യഷ് നായകനായ പാൻ ഇന്ത്യൻ കന്നഡ ചിത്രം കെജിഎഫ് 2 ആണ് രണ്ടാം സ്ഥാനത്ത്. കെജിഎഫ് 2 ഹിന്ദി പതിപ്പിൻറെ നേട്ടം 435 കോടിയാണ്.
ബാഹുബലി ഫ്രാഞ്ചൈസിയോടെ ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനായ പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും ദീപിക പദുകോണും മലയാളത്തിന്റെ പ്രിയ നടിമാർ ആയ ശോഭനയും അന്നബെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മഹാഭാരത കാലവും 2898 എഡി കാലവും കാണിക്കുന്ന ത്രി ഡി സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാഗ് അശ്വിൻ എന്ന യുവ സംവിധായകന്റെ സംവിധാനത്തിൽ വൈജയന്തി മൂവീസ് നിർമ്മിച്ച 2024 ലെ ഇന്ത്യൻ തെലുങ്ക് ഭാഷാ ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി.
REPORTER: NASRIN HAMSSA