ഇന്ത്യ മുന്നണിക്ക് 300, എന്‍ഡിഎക്ക് 200 സീറ്റും: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; ഡികെ ശിവകുമാര്‍

ഇന്ത്യ മുന്നണിക്ക് 300, എന്‍ഡിഎക്ക് 200 സീറ്റും: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; ഡികെ ശിവകുമാര്‍
ഇന്ത്യ മുന്നണിക്ക് 300, എന്‍ഡിഎക്ക് 200 സീറ്റും: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; ഡികെ ശിവകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഇന്ത്യ മുന്നണി 300 സീറ്റും എന്‍ഡിഎ 200 സീറ്റും നേടുമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ മുന്നേറ്റത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം ഒന്നിച്ച് ചര്‍ച്ച ചെയ്ത് നേതൃത്വത്തെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ യുപിഎ അധികാരത്തിലെത്തിയ സമയത്തും സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് പലരും ആഗ്രഹിച്ചത്. ആ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അന്നത്തെ രാഷ്ട്രപതിക്ക് കത്തും നല്‍കി. പക്ഷെ സോണിയ ഗാന്ധി അതിന് തയ്യാറാകാതെ സിഖുകാരനും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.മന്‍മോഹന്‍ സിങിനെ രാജ്യത്തിന്റെ രക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രിയാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യം ഭരിക്കുന്ന ബിജെപി കള്ളപ്പണത്തിനും കര്‍ഷക പ്രശ്‌നങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കും കണക്ക് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വാഗ്ദാനം ചെയ്ത രീതിയില്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയായില്ലെന്നും കള്ളപ്പണം തിരിച്ച് കൊണ്ടുവന്നില്ലെന്നും വര്‍ഷം 2 കോടി തൊഴിലുകള്‍ സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലേറിയ ഉടന്‍ തന്നെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ച് കാര്യങ്ങള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകത്തില്‍ 2 ഘട്ടമായി 28 ലോക്‌സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. ഏപ്രില്‍ 26 നും മെയ് 7 നുമായി 14 വീതം സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍. രാഹുല്‍ ഗാന്ധി കൂടി മത്സരിക്കുന്ന സാഹചര്യത്തിലാണ് യുപിയില്‍ പ്രചാരണത്തിന് ഡികെ ശിവകുമാര്‍ എത്തിയത്.

Top