റിയാദില്‍ അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക ചിഹ്നങ്ങളും റാങ്കുകളും പിടികൂടി

ലൈസന്‍സില്ലാതെ സൈനിക വസ്ത്രങ്ങള്‍ തുന്നിയ ആറ് അനധികൃത കടകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

റിയാദില്‍ അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക ചിഹ്നങ്ങളും റാങ്കുകളും പിടികൂടി
റിയാദില്‍ അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക ചിഹ്നങ്ങളും റാങ്കുകളും പിടികൂടി

റിയാദ്: സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനും തയ്ക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കടകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 3,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടി.റിയാദ് മേഖലയില്‍ സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുന്നതും തുന്നുന്നതും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാസമിതിയാണ് ഇത്രയും സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടിയത്. ലൈസന്‍സില്ലാതെ സൈനിക വസ്ത്രങ്ങള്‍ തുന്നിയ ആറ് അനധികൃത കടകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

‘ഹൂറുബ്’ റിപ്പോര്‍ട്ട് ചെയ്ത രണ്ട് തൊഴിലാളികളെ സ്ഥലത്ത് നിന്ന് പിടികൂടി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സൈനിക വസ്ത്രങ്ങള്‍ തുന്നുന്ന മേഖലയിലെ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും റിയാദ് മേഖല ഗവര്‍ണറുടെയും ഡെപ്യൂട്ടി ഗവര്‍ണറുടെയും നിര്‍ദേശങ്ങളുടെയും തുടര്‍നടപടികളുടെയും അടിസ്ഥാനത്തില്‍ ഇതിനായുള്ള സമിതിക്ക് കീഴില്‍ നിരീക്ഷണം തുടരുകയാണ്.നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം, സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി, റിയാദ് മേഖല പൊലീസ്, പാസ്പോര്‍ട്ട് വകുപ്പ്, മേഖല മുനിസിപ്പാലിറ്റി, റിയാദ് ലേബര്‍ ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയത്.

Top