ഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടിയിൽ സർക്കാർ ഏജൻസികൾ ഇടിച്ചുനിരത്തിയത് 30,000 ത്തോളം കെട്ടിടങ്ങൾ. വീടുകളടക്കമാണ് ഇത്രയും . കുടിയൊഴിപ്പിക്കലിലും വീടുകളടക്കം പൊളിക്കുന്നതിലും ആസൂത്രിതമായ തിരഞ്ഞെടുപ്പുകളുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ചില പ്രത്യേകമതവിഭാഗങ്ങളുടെ വീടുകൾ സർക്കാർ ഏജൻസികൾ ആസൂത്രിതമായി പൊളിക്കുന്നുവെന്ന പരാതികൾ ഉണ്ടായിരുന്നു. രാജ്യസഭയിൽ കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഡൽഹിയിലെ കുടിയൊഴിപ്പിക്കലിന്റെ കണക്കുകൾ ഉള്ളത്.
2019 ൽ 4804 കെട്ടിടങ്ങളാണ് പൊളിച്ചത്. 2020 ൽ 2967, 2021 ൽ 2927, 22 ൽ 4017 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. എന്നാൽ 2023 ൽ വ്യാപകമായ പൊളിക്കലാണ് ഡൽഹിയിൽ നടന്നത്. 16,138 കെട്ടിടങ്ങളാണ് വിവിധ അതോറിറ്റികൾ ചേർന്ന് പൊളിച്ച് സാധാരണക്കാരെയടക്കം കുടിയിറക്കിയത്. 2024 ൽ 2624 പൊളിക്കലുകളാണ് ഇതുവരെ നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ മാത്രം 11,060 വീടുകളാണ് പൊളിച്ചത്. 23 കച്ചവടസ്ഥാപനങ്ങളും പൊളിച്ചു. 316.72 ഏക്കർ ഭൂമിയിലുണ്ടായിരുന്ന കൈയേറ്റം ഡി.ഡി.എ ഒഴിപ്പിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ഏജൻസികളിൽ നിന്ന് ലഭ്യമായ രേഖകൾ പ്രകാരം 20,643 പേരെ ഈ പൊളിക്കലുകൾ ബാധിച്ചുവെന്നാണ് പറയുന്നത്. ഇത്രയും കെട്ടിടങ്ങൾ പൊളിക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാനും 103.27 കോടിരൂപയാണ് സർക്കാർ ചെലവഴിച്ചത്.
ഡൽഹി ഡവലപ്മെന്റ് അതോറിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്, സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് 30,843 കെട്ടിടങ്ങൾ പൊളിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പൊളിക്കലുകൾ നടന്നത് 2023 ലാണ്. ആകെപൊളിക്കലിൽ 52 ശതമാനവും നടന്നത് ഈ കാലയളവിലാണ്.