ഡൽഹി: ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 72 പേർ മരിച്ചതായി റിപ്പോർട്ട്. 14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേറ്റു. സർക്കാർമേഖലയിലെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
അതിനിടെ, ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണം.
അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പരും അധികൃതർ നൽകിയിട്ടുണ്ട്. ആഴ്ചകൾ മുമ്പ്, സർക്കാർ സർവീസിലെ സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ പ്രക്ഷോഭമുണ്ടായിരുന്നു. 150-ലധികം പേർ കൊല്ലപ്പെടുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. ഞായറാഴ്ച വൈകീട്ട് ആറ് മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.