CMDRF

നഴ്സിങ് കോഴ്സിന് അം​ഗീകാരമില്ല; 35 കശ്മീരി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് സർവകലാശാല

പൊതുശല്യവും അസഹ്യമായ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി

നഴ്സിങ് കോഴ്സിന് അം​ഗീകാരമില്ല; 35 കശ്മീരി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് സർവകലാശാല
നഴ്സിങ് കോഴ്സിന് അം​ഗീകാരമില്ല; 35 കശ്മീരി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് സർവകലാശാല

ബി.എസ്.സി. നഴ്സിങ് കോഴ്സിന് അം​ഗീകാരം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് രാജസ്ഥാനിലെ ചിത്തോർഗഢിലുള്ള മേവാർ സർവകലാശാല. ബി.എസ്.സി. നഴ്സിങ് കോഴ്സിന് രാജസ്ഥാൻ നഴ്‌സിങ് കൗൺസിലിൽ (ആർഎൻസി) , ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ (ഐഎൻസി) അംഗീകാരം നേടുന്നതിൽ സർവകലാശാല പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധിച്ച 35 കശ്മീരി വിദ്യാർഥികളെയാണ് സർവകലാശാല സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മൂന്നുദിവസമായി വിദ്യാർഥികൾ രാപ്പകൽ സമരം നടത്തിവരികയാണ്. കോഴ്സിന് അംഗീകാരം ലഭിക്കാത്തത് വിദ്യാർഥികളുടെ അക്കാദമിക് ഭാവി അപകടത്തിലാക്കുന്നുവെന്ന് അസോസിയേഷൻ ദേശീയ കൺവീനർ നാസിർ ഖുഹാമി പറഞ്ഞു. വിദ്യർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അക്കാദമിക് കരിയർ സംരക്ഷിക്കുന്നതിനും പകരം പുറത്താക്കാനുള്ള സർവകലാശാല നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് നീതിക്കുവേണ്ടി ശബ്ദമുയർത്താനുള്ള വിദ്യാർഥികളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read: അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കുലര്‍

മേവാർ സർവകലാശാലയിലെ രണ്ടാം വർഷ ബി.എസ്.സി. നഴ്സിങ് വിദ്യാർഥികളായ 35 പേരെ സസ്പെൻഡ് ചെയ്തതായി സർവകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പൊതുശല്യവും അസഹ്യമായ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സർവ്വകലാശാലയിൽ പ്രവേശിക്കരുതെന്നും ഞായറാഴ്ച രാത്രി എട്ടിനകം ഹോസ്റ്റൽ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.

കോഴ്‌സിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം തെറ്റിദ്ധാരണയാണെന്നും രാജസ്ഥാൻ നഴ്‌സിങ് കൗൺസിലിനെതിരെ സർവകലാശാല കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രദീപ് ഡേയെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. വിദ്യാർഥികൾക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top