CMDRF

ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദനം

ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദനം
ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദനം

ബംഗളൂരു: കര്‍ണാടകയില്‍ റായ്ച്ചുരിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദനം. പേന മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. റായ്ച്ചുരിലെ രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന വേണുഗോപാലും സഹായികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും പൂട്ടിയിടുകയും ചെയ്തത്. കുട്ടിയെ വിറകും ബാറ്റുമുള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിക്കുകയും മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടതായും മാതാപിതാക്കള്‍ മൊഴി നല്‍കി.

‘ഒരു അധ്യാപകനും മറ്റ് രണ്ട് പേരും എന്നെ അടിച്ചു. ആദ്യം വിറക് കൊണ്ട് അടിക്കുകയും അത് ഒടിഞ്ഞപ്പോള്‍ ബാറ്റ് ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ ശരീരത്തില്‍ മുറിവുണ്ടാക്കി റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ എന്നെ യഗ്ഗറിലേക്ക് കൊണ്ടുപോയി. പക്ഷേ എനിക്ക് പണമൊന്നും ലഭിച്ചില്ല’ തരുണ്‍ പറഞ്ഞു.

പേന മോഷിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ മര്‍ദിച്ചെന്ന് കുടുംബം പറയുന്നു. ആക്രമണത്തില്‍ കുട്ടിക്ക് ഒന്നിലധികം പരിക്കുകള്‍ ഏറ്റിട്ടുണ്ട്. കണ്ണുകള്‍ പൂര്‍ണ്ണമായും വീര്‍ത്ത നിലയിലായിരുന്നു. കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് കുട്ടിയെ ആശ്രമത്തിലാക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. തരുണ്‍ പേന മോഷ്ടിച്ചെന്ന് സഹപാഠികള്‍ ആരോപിക്കുകയും ആശ്രമം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മകനെ കാണാനായി അമ്മ രാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top