പാരിസ്: പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ അമന്‍ ഷെഹ്‌റാവത്ത് പത്ത് മണിക്കൂറില്‍ കുറച്ചത് 4.6 കിലോ ഗ്രാം ഭാരം. സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ അമന്റെ ഭാരം 61.5 കിലോഗ്രാമായി കൂടിയിരുന്നു. പീന്നിട് വെങ്കല മെഡല്‍ പോരാട്ടത്തിന് വേണ്ടിയാണ് അമന്‍ ഷെഹ്‌റാവത്ത് ഭാരം കുറച്ചത്. സെമി ഫൈനലില്‍ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായി ജപ്പാന്‍ താര ഹിഗുച്ചിയോട് പരാജയപ്പെട്ടതോടെയാണ് അമന്‍ വെങ്കല മത്സരത്തിലേക്കെത്തിയത്.
സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് ശേഷം രാത്രി മുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്താണ് അമന്‍ ഭാരം കുറച്ചത്. വെങ്കല പോരാട്ടത്തിന് മുന്‍പ് ഇന്ത്യന്‍ പരിശീലകരായ ജാഗ്മാന്ദീര്‍ സിങ്, വീരേന്ദര്‍ ദഹിയ എന്നിവരുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂര്‍ വ്യായാമവും ചെയ്തു. കൂടാതെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ ജിമ്മിലും കഠിനമായ വ്യായാമം ചെയ്തു .അഞ്ച് മിനിറ്റ് സോന ബാത്തിനും അമന്‍ വിധേയനായിരുന്നു. വ്യായാമത്തിന് ശേഷവും ഭാരം 900 ഗ്രാം കൂടുതല്‍ ഉണ്ടായതോടെ അമനെ മസാജിന് വിധേയമാക്കുകയും 15 മിനിറ്റ് ഓടിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഭാരം 56.9 കിലോ ഗ്രാമായി കുറഞ്ഞത്.