ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമൃത്യു. ദേസ മേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക് പരിക്കേറ്റുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണിത്. സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും ഭീകരര്‍ക്കായി സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പെടെ 4 സൈനികര്‍ വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
വടക്കന്‍ ദോഡ ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ്
ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കത്വയില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതിന് ശേഷം ജമ്മു മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.